പട്ടുചുരിദാറും ഫാൻസി ബാഗുമായി ജയിലിൽ ഉലാത്തി ശശികല!

പട്ടുചുരിദാർ ധരിച്ച് ഫാൻസി ബാഗുമായി ബെംഗളൂരു പാരപ്പന സെൻട്രൽ ജയിൽ ഇടനാഴിയിൽ ഉലാത്തുന്ന ശശികല. (വിഡിയോ ദൃശ്യങ്ങൾ)

ബെംഗളൂരു ∙ തടവുകാരുടെ യൂണിഫോമിനു പകരം വിലകൂടിയ പട്ടുചുരിദാർ ധരിച്ച്, കയ്യിൽ ഫാൻസി ബാഗുമായി ബെംഗളൂരു പാരപ്പന സെൻട്രൽ ജയിൽ ഇടനാഴിയിൽ ഉലാത്തുന്ന ശശികലയുടെ ദൃശ്യങ്ങൾ പുറത്ത്. അണ്ണാ ഡിഎംകെ (അമ്മ) ജനറൽ സെക്രട്ടറിക്കു കാവലായി നാലു ജയിൽ ഉദ്യോഗസ്ഥരും ഒരു സ്ത്രീയും ഒപ്പമുണ്ട്. 

ശശികലയ്ക്കു ജയിലിൽ വിവിഐപി പരിഗണന ലഭിക്കുന്നുവെന്ന ആരോപണങ്ങൾക്കു ബലമേകുന്ന സിസിടിവി ദൃശ്യങ്ങൾ ജയിലിലെ സന്ദർശക മുറിയിൽ നിന്നുള്ളവയാണെന്നാണു സൂചന. ജയിലിൽ ശശികല ‘രാജകീയമായാ’ണു ജീവിക്കുന്നത് എന്നു വിവരാവകാശപ്രകാരം ലഭിച്ച രേഖകളും വ്യക്തമാക്കുന്നു. 

ജയിൽചട്ടമനുസരിച്ചു തടവുകാർക്കു 15 ദിവസത്തിൽ ഒരിക്കൽ ഒരാളെ കാണാനേ അനുമതിയുള്ളു. എന്നാൽ 117 ദിവസത്തിനിടെ ശശികലയെ കാണാനെത്തിയത് 87 പേർ. രണ്ടു കിടപ്പുമുറി, സന്ദർശകമുറി, അടുക്കള, സ്റ്റോർമുറി എന്നിങ്ങനെ ജയിലിൽ അ‍ഞ്ച് സെല്ലുകൾ ശശികലയ്ക്ക് അനുവദിച്ചിരുന്നുവെന്നും ദൃശ്യങ്ങൾ പുറത്തായതോടെ അധികസൗകര്യങ്ങൾ നീക്കിയെന്നും റിപ്പോർട്ടുണ്ട്. 

ശശികലയ്ക്കും, കോടികളുടെ കടപ്പത്ര കുംഭകോണക്കേസിൽ ശിക്ഷ അനുഭവിക്കുന്ന അബ്ദുൽ കരീം തെൽഗിക്കും മുന്തിയ പരിഗണന ലഭിക്കുന്നതുൾപ്പെടെ പാരപ്പന സെൻട്രൽ ജയിലിലെ അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ചു ജയിൽ ഡിഐജി: ഡി. രൂപയുടെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തായിരുന്നു.

തുടർന്ന് ഇവരെയും റിപ്പോർട്ടിൽ ആരോപണ വിധേയനായ ജയിൽ ഡിജിപി: എച്ച്.എൻ. സത്യനാരായണ റാവുവിനെയും സ്ഥലം മാറ്റി. ശശികലയുടെ സുഖസൗകര്യങ്ങളുടെ വിഡിയോ പകർത്തിയിരുന്നെങ്കിലും അവ ജയിലിലെ ഉദ്യോഗസ്ഥർതന്നെ നശിപ്പിച്ചതായും രൂപ ആരോപിച്ചിരുന്നു. 

സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേകസംഘം രൂപയുടെ റിപ്പോർട്ടിൽ അന്വേഷണം തുടങ്ങി. അതിനിടെ, കർണാടകയിൽനിന്നുള്ള ബിജെപി എംപിമാർ രൂപയെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ചു പാർലമെന്റിനു പുറത്തു ധർണനടത്തി. കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതായും എംപിമാർ ആരോപിച്ചു.