കശ്മീർ: അശാന്തിക്ക് കാരണം മോദിയുടെ നയമെന്ന് രാഹുൽ

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണു കശ്മീരിനെ കലാപ ഭൂമിയാക്കുന്നതെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഹിസ്‌ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കഴിഞ്ഞ വർഷം കൊല്ലപ്പെട്ടതിനുശേഷം കശ്മീർ അശാന്തമാണ്. പ്രധാനമന്ത്രി മോദിയുടെയും എൻഡിഎയുടെയും നയങ്ങളാണു കശ്മീരിൽ സ്ഥിതി ഇത്രയും മോശമാക്കിയത്– രാഹുൽ ആരോപിച്ചു.

കശ്മീർ ഇന്ത്യയുടേതാണ്. ഈ വിഷയത്തിൽ ഇടപെടാൻ മറ്റൊരു രാജ്യത്തെയും അനുവദിക്കരുതെന്നു രാഹുൽ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്നു ചൈന വാഗ്ദാനം ചെയ്ത സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.