Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുകാഷിന് തിഹാർ ജയിലിൽ പീഡനം: കടുത്ത നടപടിയുണ്ടാകുമെന്ന് കോടതി

delhi-high-court

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷൻ കൈക്കൂലി കേസിൽ അറസ്റ്റുചെയ്തു തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുന്ന സുകാഷ് ചന്ദ്രശേഖറെ പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ കടുത്ത നടപടി സ്വീകരിക്കുമെന്നു ഡൽഹി ഹൈക്കോടതി മുന്നറിയിപ്പു നൽകി. ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നു കോടതി പറഞ്ഞു.

ഇതു സംബന്ധിച്ചു ജസ്റ്റിസ് അശുതോഷ് കുമാർ എഎപി സർക്കാരിനും തിഹാർ ജയിൽ ഡിജിക്കും നോട്ടിസ് അയച്ചു. കൊടുംകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന സെല്ലിലാണു സുകാഷിനെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ അവിടെ നഗ്നനാക്കി പരിശോധന നടത്തിയെന്നാണു മുതിർന്ന അഭിഭാഷകൻ അമാൻ ലേഖി മുഖേന നൽകിയ പരാതി. ഇതിന്മേൽ വിശദമായ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.

തിഹാർ ജയിലിന്റെ ചുമതലയുള്ള തമിഴ്നാട് പ്രത്യേക പൊലീസിന്റെ അറിവോടെയാണു പീഡനം നടന്നതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഭരണകക്ഷിയായ എഐഎഡിഎംകെ (അമ്മ) യുടെ എതിർപക്ഷത്തെ പിന്തുണയ്ക്കുന്നയാളാണു സുകാഷ് എന്നതാണു വിരോധത്തിനു കാരണം. ഗുരുതരമാണ് ആരോപണമെന്നും പ്രതിയെ കസ്റ്റഡിയിൽ പീഡിപ്പിക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. കൊടുംകുറ്റവാളികൾക്കൊപ്പം സുകാഷിനെ പാർപ്പിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു.