കേന്ദ്രനയങ്ങൾക്കെതിരെ തൊഴിലാളി യൂണിയനുകളുടെ പൊതുപണിമുടക്ക്

ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി പണിമുടക്കു നടത്താൻ തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗം തീരുമാനിച്ചു. തീയതി പിന്നീടു പ്രഖ്യാപിക്കും. പണിമുടക്കിനു മുന്നോടിയായി നവംബർ ഒൻപത്, പത്ത്, 11 തീയതികളിൽ പാർലമെന്റിനു മുന്നിൽ തൊഴിലാളികൾ ധർണ നടത്തും.

ഐ എൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ല്യുഎ, എഐസി ടിടിയു, യുടിയുസി, എൽപിഎഫ് എന്നീ തൊഴിലാളി സംഘടനകളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ ദേശീയ ഫെഡറേഷനും വിവിധ മേഖലകളിലെ തൊഴിലാളി യൂണിയൻ പ്രതിനിധികളും സംയുക്ത യോഗത്തിൽ പങ്കെടുത്തു.

തികച്ചും ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ സമീപനമാണു കേന്ദ്ര സർക്കാരിന്റേത്. പൊതുമേഖലയെ മുഴുവൻ സ്വകാര്യവൽക്കരിക്കാനുള്ള നയമാണു സർക്കാരിന്റേത്. തൊഴിലാളി യൂണിയനുകൾ സമർപ്പിച്ച 12 കാര്യങ്ങളടങ്ങിയ അവകാശപത്രികയെ സർക്കാർ പൂർണമായും അവഗണിക്കുകയാണ്.

മിനിമംകൂലി, സാമൂഹികസുരക്ഷ, മെച്ചപ്പെട്ട വേതനം, തുടങ്ങിയവയൊന്നും പരിഗണിക്കുന്നതേയില്ലെന്നും സംയുക്തയോഗം കുറ്റപ്പെടുത്തി. െഎഎൻടിയുസി പ്രസിഡന്റ് ഡോ.സഞ്ജീവ റെഡ്ഡി, അമർജിത് കൗർ, ഹർഭജൻ സിങ് സിദ്ദു, തപൻ സെൻ, ശങ്കർ സാഹ, രാജീവ് ദിമാരി, എം.ഷണ്മുഖം, എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.