Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവംബറിൽ ദേശീയതലത്തിൽ കർഷകരുടെ വമ്പൻ ലോങ് മാർച്ച് പ്രഖ്യാപിച്ച് സിഐടിയു

kisan-rally കർഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധ മാർച്ച് പാർലമെന്റ് സ്ട്രീറ്റിലെത്തിയപ്പോൾ.

ന്യൂ‍ഡൽഹി∙ രാജ്യതലസ്ഥാനത്തെ നിശ്ചലമാക്കി കർഷകരുടെയും തൊഴിലാളികളുടെയും വമ്പൻ പ്രതിഷേധ മാർച്ച്. രാവിലെ രാംലീല മൈതാനിയിൽനിന്നു പുറപ്പെട്ട മാ‌ർച്ച് യോഗസ്ഥലമായ പാർലമെന്റ് സ്ട്രീറ്റിൽ എത്തുന്നു. കർഷക പ്രയാണം ഇപ്പോഴും തുടരുകയാണ്. പാർലമെന്റ് സ്ട്രീറ്റിൽ പ്രകടനക്കാരെ നേതാക്കൾ അഭിസംബോധന ചെയ്യുന്നുണ്ട്. നവംബറിൽ ദേശീയ തലത്തിൽ കർഷകരുടെ ലോങ് മാർച്ച് സംഘടിപ്പിക്കുമെന്ന് സിഐടിയു ദേശീയ പ്രസിഡന്റ് തപൻ സെൻ വ്യക്തമാക്കി

കേന്ദ്ര സർക്കാരിന്റെ കർഷകനയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നേതാക്കൾ രംഗത്തെത്തി. സിഐടിയു പ്രസിഡന്റ് കെ. ഹേമലത, മലയാളികളായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എ. വിജയരാഘവനും എ.ആർ. സിന്ധുവും പ്രസംഗിച്ചു. എളമരം കരീം എംപി അടക്കമുള്ള നേതാക്കൾ വേദിയിലുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ളവർ വൈകിട്ടോടെ കർഷകരെ അഭിസംബോധന ചെയ്യും.

സിഐടിയു, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിഷേധം. രാജ്യത്തെ മുഴുവൻ കർഷകർക്കും തൊഴിലാളികൾക്കും കുറഞ്ഞത് 18,000 രൂപ വേതനം ഉറപ്പാക്കണമെന്നും ഭക്ഷ്യസുരക്ഷ വേണമെന്നുമാണു പ്രധാന ആവശ്യങ്ങൾ. മൂന്നുലക്ഷത്തോളം പേർ മാർച്ചിൽ പങ്കെടുക്കുന്നുണ്ടെന്നു നേതാക്കൾ അറിയിച്ചു. പ്രതിഷേധ യോഗം വൈകിട്ടു നാലു വരെ തുടരും. വിവിധ നേതാക്കൾ പ്രസംഗിക്കും.

മാർച്ച് തീരുന്നതു വരെ സൻസദ് മാർഗ്, ജനപഥ് റോഡ്, കെജി മാർഗ് എന്നിവ വഴിയുള്ള ഗതാഗതം പൊലീസ് പൂർണമായും തടഞ്ഞു. യാത്രക്കാരോടു പകരം റോഡുകൾ നിർദേശിച്ചിട്ടുണ്ട്. അതേസമയം, മാർച്ചിനു പലപ്പോഴായി എത്തി രാംലീല മൈതാനിയിൽ താമസിച്ച സമരപ്രവർത്തകർക്കു വേണ്ടി ഡൽഹിയിലെ ആം ആദ്മി സർക്കാർ മെഡിക്കൽ ക്യാംപ് നടത്തി. നാലംഗ മെഡിക്കൽ സംഘത്തെയാണു സർക്കാർ നിയോഗിച്ചത്.