Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതു സമരം മുതലെടുത്തത് മോദിയെന്നു തപൻ സെൻ

Thapan-sen സിഐടിയു സംസ്ഥാന ജനറൽ കൗൺസിൽ പ്രതിനിധി സമ്മേളനം പത്തനംതിട്ടയിൽ ദേശീയ ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനെ ചെയ്യുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ

പത്തനംതിട്ട∙ യുപിഎ സർക്കാരിനെതിരെയുള്ള ജനങ്ങളുടെ അതൃപ്തി മുതലെടുത്താണ് മോദി അധികാരത്തിലെത്തിയതെന്നും അതൃപ്തി ഉയർത്തിക്കൊണ്ടുവന്ന ഇടതു– തൊഴിലാളി സമരങ്ങളെ പ്രയോജനപ്പെടുത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്നും ​സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു.

അസംതൃപ്തിയുടെ നേട്ടം മുതലാക്കിയത് വലതുപക്ഷമാണ്. അതിന് കാരണം വിശ്വസനീയമായ ബദൽ അവതരിപ്പിക്കുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടതാണെന്നും തപൻ സെൻ സിഐടിയു സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്തു പറഞ്ഞു. നാലുകൊല്ലം കൊണ്ട് ​മോദി സർക്കാർ നടത്തിയ വാഗ്​ദാന ലംഘനങ്ങളും ഭരണത്തിലെ പൊള്ളത്തരവും വഞ്ചനയും തുറന്നുകാട്ടാനായി ദേശീയ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മേയ്​ 23ന്​ പ്രാഥമിക സമരം നടക്കും.

രണ്ടുകോടി പേർക്ക്​ തൊഴിൽ നൽകുമെന്നു പറഞ്ഞ മോദി സർക്കാർ 2014 മുതൽ ഇതുവ​രെ നൽകിയിരിക്കുന്നത്​ അഞ്ചുലക്ഷം തൊഴിൽ മാത്രമാണ്​. അതിൽതന്നെ പലതും പ്രോവിഡന്റ്​ ഫണ്ടിൽ പുതുതായി ചേർത്ത പഴയ ​തൊഴിലാളികളുടെ എണ്ണമെടുത്താണ്​. ആരോഗ്യരംഗത്ത്​ ലക്ഷക്കണക്കിന്​ തൊഴിലാളികളെ ഇൻഷുറൻസ്​ സ്​കീമിൽ പെടുത്തുകയാണ്​ സർക്കാർ. ഇതിൽ രണ്ടു തട്ടിപ്പാണ് ഉള്ളത്​, ഒന്ന്​ ആരോഗ്യപാലനത്തിൽ നിന്ന്​ സർക്കാർ ബോധപൂർവം പിന്മാറുന്നു. മറ്റൊന്ന്​ സ്വകാര്യ ഇൻഷുറൻസ്​ കമ്പനികൾക്ക്​ കൊള്ളലാഭമുണ്ടാക്കാനായി തൊഴിലാളികളെ ഉപ​യോഗിക്കുന്നു.

തൊഴിൽ ബന്ധങ്ങൾ ദുർബലമാക്കിയും തൊഴിലാളികളുടെ വിലപേശാനുള്ള കഴിവ്​ കുറച്ചും ട്രേഡ്​ യൂണിയനുകളെ ദുർബലമാക്കി. ഇതിനെതിരായി കൂട്ടായ ​ദേശീയ കൂട്ടായ്​മയിലൂടെ പ്രക്ഷോഭങ്ങൾ നയിക്കും. ഓഗസ്​റ്റ്​ ഒൻപതിന്​ കിസാൻ സഭ ജയിൽ നിറയ്ക്കൽ സമരം നടത്തും. ഭരണഘടനയെ കടന്നാക്രമിക്കുന്നതിനെതിരായ പ്രക്ഷോഭം ഓഗസ്​റ്റ്​ 14ന്​ നടത്തും. സെപ്​റ്റംബർ അഞ്ചിന്​ ഡൽഹിയിൽ ലക്ഷക്കണക്കിന്​ തൊഴിലാളികൾ പ​െങ്കടുക്കുന്ന സമരത്തിന്​ അഖിലേന്ത്യാ കിസാൻ സഭയും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി​െഎടിയു ദേശീയ വൈസ്​ പ്രസിഡന്റ്​ എ.കെ.പത്മനാഭൻ, സംസ്ഥാന പ്രസിഡന്റ്​ ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എളമരം കരീം, മന്ത്രിമാരായ ടി.പി.രാമകൃഷ്​ണൻ, എ.കെ.ബാലൻ, ജെ.മേഴ്​സിക്കുട്ടിയമ്മ, എൽഡിഎഫ്​ കൺവീനർ വൈക്കം വിശ്വൻ, ചന്ദ്രൻപിള്ള തുടങ്ങിയവർ പ​െങ്കടുത്തു.

രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്ക് ശേഷം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. എൻ.പത്മലോചനൻ രക്തസാക്ഷി പ്രമേയവും പി.നന്ദകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. സംഘാടക സമിതി ജനറൽ കൺവീനർ പി.ജെ.അജയകുമാർ സ്വാഗതം പറഞ്ഞു. എളമരം കരീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഉച്ചയ്‌ക്കുശേഷം ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു.