മുസ്‌ലിം വനിതകൾക്ക് സമത്വമേകുന്ന വിധി: മോദി; ആത്മാഭിമാനം പകരുന്നതെന്ന് ഷാ

ന്യൂഡൽഹി ∙ മുത്തലാഖ് വിധിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും സ്വാഗതം ചെയ്തു. മുസ്‌ലിം വനിതകൾക്കു സമത്വമേകുന്ന ചരിത്രപരമായ വിധിയാണു സുപ്രീം കോടതിയുടേതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. വനിതാ ശാക്തീകരണത്തിനുള്ള ശക്തമായ നടപടിയായി വിധി മാറുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മുസ്‌ലിം വനിതകൾക്കു സമത്വവും ആത്മാഭിമാനവുമേകുന്ന പുതിയ ചരിത്രത്തിനു തുടക്കമാണു വിധിയെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. നവ ഭാരതത്തിലേക്കുള്ള ശക്തമായ ചുവടുവയ്പായ വിധിയെ ബിജെപി സ്വാഗതം ചെയ്യുന്നു. സുപ്രീം കോടതി തീരുമാനം ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു.