ഋതബ്രത ബാനർജിയെ സിപിഎം പുറത്താക്കി; രാജ്യസഭയിൽ ഒരു സീറ്റ്‌ കൂടി നഷ്‌ടമായി

ഋതബ്രത ബാനർജി

ന്യൂഡൽഹി ∙ രാജ്യസഭാംഗം ഋതബ്രത ബാനർജിയെ പുറത്താക്കാൻ സിപിഎം ബംഗാൾ സംസ്‌ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇതോടെ സിപിഎമ്മിനു രാജ്യസഭയിൽ ബംഗാളിൽനിന്ന് ഒരു സീറ്റ്‌ കൂടി നഷ്‌ടമായി. പാർട്ടിയെ പരസ്യമായി വിമർശിച്ചതിനാണു പാർട്ടി ഭരണഘടനയുടെ 19(13) വകുപ്പുപ്രകാരം ഉടൻ നടപടി. ഇതിനു കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകുകയെന്ന ചടങ്ങുമാത്രം ബാക്കിയുണ്ട്.

ഏപ്രിൽ മൂന്നുമുതൽ രാജ്യസഭയിൽ ബംഗാൾ സിപിഎമ്മില്ല 2020 ഏപ്രിൽ വരെയാണു ഋതബ്രതയുടെ രാജ്യസഭാ കാലാവധി. അദ്ദേഹത്തിനു പുറമേ ബംഗാൾ സിപിഎമ്മിൽനിന്നു രാജ്യസഭയിലുള്ളതു തപൻ സെൻ ആണ് – കാലാവധി അടുത്ത ഏപ്രിൽ രണ്ടുവരെ. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ മൂന്നാമതൊരു തവണകൂടി രാജ്യസഭയിലേക്ക് എത്തിക്കണമെന്ന താൽപര്യത്തിനു ബംഗാൾ സിപിഎം പറഞ്ഞ കാരണങ്ങളിലൊന്ന്, ഋതബ്രതയുടെയും തപന്റെയും അംഗത്വമവസാനിക്കുമ്പോൾ പാർട്ടിക്കു ബംഗാളിൽനിന്നു സഭയിൽ ആരുമുണ്ടാവില്ലെന്നും അതിന് ഇടവരുത്തരുതെന്നുമാണ്. നിയമസഭയിലെ ഇപ്പോഴത്തെ അവസ്‌ഥയിൽ ആരെയും ഉടനെയെങ്ങും ജയിപ്പിക്കാനാവില്ലെന്നും. ഋതബ്രത പാർട്ടിക്കാരനല്ലാതാവുന്നതിനാൽ ബംഗാൾ സിപിഎമ്മിന്റെ രാജ്യസഭാ പ്രാതിനിധ്യത്തിനും ഏപ്രിലിൽ തൽക്കാലം തിരശീല വീഴും.

ജീവിതശൈലിയും വാക്കുകളും പ്രശ്‌നമായി

ഋതബ്രതയുടെ ജീവിതശൈലി കമ്യൂണിസ്‌റ്റിനു നിരക്കാത്തതാണെന്ന മുൻഭാര്യ ഉർബ ചൗധരിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ അദ്ദേഹത്തെ കഴിഞ്ഞ ജൂൺ ആദ്യം പാർട്ടിയിൽനിന്നു മൂന്നുമാസത്തേക്കു സസ്‌പെൻഡ് ചെയ്‌തിരുന്നു. ശിക്ഷയുടെ കാലാവധി അവസാനിച്ച് ഒരാഴ്‌ച കഴിഞ്ഞപ്പോഴാണ് ആനന്ദ ബസാർ പത്രികയുടെ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ഋതബ്രത പാർട്ടിവിരുദ്ധമായി വാചാലനായത്. പാർട്ടിയോട് ആഭിമുഖ്യമില്ലാത്ത മാധ്യമത്തിന് ഒരു മണിക്കൂറോളം അഭിമുഖം നൽകിയതിൽത്തന്നെ പിഴവുണ്ടെന്നാണു പാർട്ടിയുടെ കണ്ടെത്തൽ.

അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ:

ബംഗാളിൽ നിന്നുള്ള മുഹമ്മദ് സലിം എംപി പൊളിറ്റ് ബ്യൂറോയിലെത്തിയതു മുസ്‌ലിം ക്വോട്ടയിലാണ്. പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടുമുൾപ്പെടെ സിപിഎം നേതൃത്വത്തിലെ മിക്കവരും ബംഗാൾ വിരുദ്ധരാണ്. അവർ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാവാൻ അനുവദിച്ചില്ല. തനിക്കെതിരെയുള്ള പരാതി അന്വേഷിച്ച മുഹമ്മദ് സലിം മാത്രമല്ല, അദ്ദേഹത്തിന്റെ മകനും തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തി. എസ്‌എഫ്‌ഐയുടെ മുൻ അഖിലേന്ത്യാ അധ്യക്ഷനാണ് ഋതബ്രത.

‘കൂടുതൽ പറയാനുണ്ട്; വൈകില്ല’

‘പൂച്ചയ്‌ക്കാരു മണി കെട്ടും എന്നതായിരുന്നു പ്രശ്‌നം. ഞാനതു ചെയ്‌തു. അതിനാണു നടപടി. കഴിഞ്ഞ 21 വർഷമായി ഞാൻ ചെങ്കൊടിയുടെ ഭാഗമാണ്. അങ്ങനെ തന്നെ തുടരും. എന്നാൽ, കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്. അതു വൈകില്ല,’ പുറത്താക്കൽ തീരുമാനമറിഞ്ഞശേഷം ഋതബ്രത മനോരമയോടു പറഞ്ഞു.