സർക്കാരിനെ ജനശക്തി കൊണ്ടു നേരിടൂ: യശ്വന്ത് സിൻഹ

മുംബൈ ∙ സർക്കാരിന്റെ ശക്തിയെ (രാജ്ശക്തി), ജനശക്തി (ലോക്ശക്തി) കൊണ്ടു നേരിടണമെന്ന ആഹ്വാനവുമായി മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ കേന്ദ്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ചു. ജയ്പ്രകാശ് നാരായണിന്റെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു വിദർഭയിലെ അകോളയിൽ കർഷകസംഘടന സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗം. 

മോദി സർക്കാരിന്റെ ജിഎസ്ടി, കറൻസി പരിഷ്കരണ നടപടികൾക്കെതിരായ വിമർശനവും ആവർത്തിച്ചു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കാർ–മോട്ടോർ സൈക്കിൾ വിൽപനയുടെ കണക്കുകൾ നിരത്തുന്നു. ഇതാണോ യഥാർഥ വികസനം? നോട്ട് അസാധുവാക്കലിനെക്കുറിച്ച് ഒന്നും പറയാനില്ല. പരാജയപ്പെട്ട ഒന്നിനെക്കുറിച്ച് എന്തു പറയാനാണ്? 

ജിഎസ്ടി വരുന്നതോടെ നികുതി ഘടനയും നികുതി പിരിവും എളുപ്പമാകുമെന്നാണു സർക്കാർ പറഞ്ഞത്. ‘ഗുഡ് ആൻഡ് സിംപിൾ ടാക്സ്’ ആകേണ്ടിയിരുന്നതു ‘ബാഡ് ആൻഡ് കോംപ്ലിക്കേറ്റഡ് ടാക്സ്’ ആയി മാറി. നികുതി സമ്പ്രദായം എക്കാലത്തെയും സങ്കീർണമായ സ്ഥിതിയിലായി. ഞങ്ങൾ പ്രതിപക്ഷത്തായിരുന്ന സമയത്തു നികുതി ഭീകരതയെയും റെയ്ഡ് രാജിനെയും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ സർക്കാരിന്റെ നടപടികളെ എന്തുവിളിക്കണമെന്നു പോലും നിശ്ചയമില്ല. ഞാൻ വളർന്ന ജാർഖണ്ഡിൽ കർഷകർ ആത്മഹത്യ ചെയ്തിരുന്നില്ല. എന്നാൽ ഇന്ന് അവിടെനിന്ന് ആത്മഹത്യാ വാർത്തകളാണു കേൾക്കുന്നത്.’ – സർക്കാരിനെതിരായ ജനങ്ങളുടെ പ്രക്ഷോഭം ഇവിടെ നിന്നു തുടങ്ങട്ടെയെന്നും അദ്ദേഹം അകോളയിൽ കർഷകരോടു പറഞ്ഞു.