ആധാർ ബന്ധിപ്പിക്കൽ: അവസാന തീയതി വ്യക്തമാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവയുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഉപയോക്‌താക്കൾക്കുള്ള സന്ദേശങ്ങളിൽ വ്യക്‌തമാക്കണമെന്നു സേവനദാതാക്കളോടു സുപ്രീം കോടതി നിർദേശിച്ചു. ബാങ്ക് അക്കൗണ്ടിനു ഡിസംബർ 31, മൊബൈലിനു ഫെബ്രുവരി എട്ട് എന്നിങ്ങനെയാണു സമയപരിധി.

ആധാർ ഭരണഘടനാ വിരുദ്ധമെന്നാരോപിച്ചും ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ ചോദ്യം ചെയ്‌തും കല്യാണി സെൻ മേനോൻ, മാത്യു തോമസ് തുടങ്ങിയവർ സമർപ്പിച്ച ഹർജികളാണു ജസ്‌റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഹർജികളിൽ ഇടക്കാല ഉത്തരവു നൽകാൻ വിസമ്മതിച്ച കോടതി, ആധാർ സംബന്ധിച്ച മറ്റു ഹർജികൾ പോലെ ഇതും ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്‌ക്കു വിടുമെന്നു വ്യക്‌തമാക്കി. ഭരണഘടനാ ബെഞ്ച് ഈ മാസം അവസാന‌ ആഴ്ച വാദം കേൾക്കുന്നതിനാൽ ഇടക്കാല ഉത്തരവ് ആവശ്യമില്ല.

ആധാറുമായി ഉടൻ ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും മരവിപ്പിക്കുമെന്ന പ്രതീതിയാണു സേവനദാതാക്കൾ നൽകുന്നതെന്നു ഹർജിക്കാർക്കുവേണ്ടി ശ്യാം ദിവാനും അരവിന്ദ് ദത്താറും വാദിച്ചു. ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31വരെ നീട്ടുമെന്നു സത്യവാങ്‌മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്‌തമാക്കിയതാണെന്നും ശ്യാം ദിവാൻ പറഞ്ഞു. സമയപരിധി നീട്ടുമെങ്കിൽ മാർച്ച് 31വരെ ആർക്കുമെതിരെ നടപടി പാടില്ല.

ഡിസംബർ 31വരെ സമയമുണ്ടല്ലോയെന്നു കോടതി പറഞ്ഞു. എന്നാൽ, ഡേറ്റ സുരക്ഷയ്‌ക്കു ശക്‌തമായ നടപടി വേണമെന്നു സ്വകാര്യത മൗലികാവകാശമാണെന്നുള്ള വിധിയിൽ ജസ്‌റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്‌തമാക്കിയതാണെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. ഡേറ്റ സുരക്ഷ സംബന്ധിച്ച റിപ്പോർട്ട് ജസ്‌റ്റിസ് ശ്രീകൃഷ്‌ണ കമ്മിറ്റി മാർച്ച് ആദ്യ ആഴ്ച നൽകും.