ശശികല കുടുംബത്തിനെതിരെ വ്യാപക ആദായനികുതി റെയ്ഡ്

ശശികല (ഫയൽ ചിത്രം)

ചെന്നൈ ∙ അണ്ണാ ഡിഎംകെയിലെ അധികാര വടംവലി നിർണായക ഘട്ടത്തിലെത്തി നിൽക്കേ, മുൻ ജനറൽ സെക്രട്ടറി ശശികലയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. തമിഴ്നാട്, പുതുച്ചേരി, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി 187 സ്ഥലങ്ങളിലാണു പരിശോധന നടന്നത്. നോട്ട് നിരോധനത്തിനു ശേഷമുള്ള ‘ഓപ്പൺ ക്ലീൻ മണി’യുടെ ഭാഗമായാണു റെയ്ഡ് എന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം. നാനൂറിലേറെപ്പേരെ ചോദ്യം ചെയ്തതായാണു വിവരം.

ശശികല, സഹോദരപുത്രനും അണ്ണാ ഡിഎംകെ വിമതനേതാവുമായ ടി.ടി.വി.ദിനകരൻ എന്നിവരുടെ വീടുകളിലും ഇവരുടെ നിയന്ത്രണത്തിലുള്ള പാർട്ടി ചാനലായ ജയ ടിവി, മുഖപത്രമായ നമത് എംജിആർ എന്നിവയുടെ ഓഫിസുകളിലും ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റിലും പരിശോധന നടന്നു. ജയലളിതയുടെ വിൽപത്രം തേടിയാണു റെയ്ഡ് എന്ന അഭ്യൂഹം ശക്തമാണ്.