മതംമാറ്റം, വിവാഹം, വേർപിരിയൽ: ഹർജി തള്ളി

ന്യൂഡൽഹി ∙ ഹിന്ദു പെൺകുട്ടിയുമായുള്ള തന്റെ വിവാഹം വേർപെടുത്തിയ നടപടിക്കെതിരെ മുസ്‌ലിം യുവാവ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. മതം മാറിയശേഷമാണു താൻ വിവാഹം ചെയ്‌തതെന്നു ഹർജിക്കാരൻ അമൻ ബെഗ് വാദിച്ചെങ്കിലും മതം മാറ്റത്തിന്റെ സാധുത തർക്കവിഷയമാണെന്നു ജഡ്‌ജിമാരായ ആദർശ് ഗോയൽ, യു.യു.ലളിത് എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി.

പെൺകുട്ടിക്കു പ്രായപൂർത്തിയായില്ലെന്നും തട്ടിയെടുത്താണു വിവാഹം നടത്തിയതെന്നും പെൺകുട്ടിയുടെ പിതാവ് വാദിച്ചു. മതംമാറ്റം തന്നെ സാധുതയില്ലാത്തതാണെന്നും മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്‌ഥകൾ പാലിച്ചിട്ടില്ലെന്നും പിതാവ് വാദിച്ചു. ഇതു പരിഗണിക്കുമ്പോൾ, വിവാഹത്തിനു സാധുതയുണ്ടെന്ന വാദം അംഗീരിക്കാനാവില്ലെന്നു കോടതി വ്യക്‌തമാക്കി. പൊലീസ് ഇടപെട്ടാണു വിവാഹം വേർപെടുത്തിയത്.