നഗര മദ്യശാലകൾക്കുള്ള ദൂരപരിധി ഇളവ് ഉത്തരവ് രാജ്യമെങ്ങും ബാധകം

ന്യൂഡൽഹി ∙ മദ്യവിൽപനശാലകൾ ദേശീയ, സംസ്ഥാന പാതകളിൽ നിന്ന് 500 മീറ്റർ അകലെയാവണമെന്നതിന് നഗരസഭാതിർത്തികളിലെ മദ്യശാലകൾക്കു നൽകിയ ഇളവ് രാജ്യം മുഴുവൻ ബാധകമാണെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ചു വ്യക്തത വരുത്തുന്ന ഉത്തരവിറക്കുമെന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതി മുഖേന നൽകിയ അപേക്ഷയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

2016 ഡിസംബർ 15ന് ആണു ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ നിരോധിച്ച് സുപ്രീം കോടതി ഉത്തരവായത്. കഴിഞ്ഞ ജൂലൈ 11ന് ചണ്ഡീഗഡ് നഗരസഭാതിർത്തിയിലെ മദ്യശാലകൾക്ക് ദൂരപരിധിയിൽ ഇളവ് അനുവദിച്ചു സുപ്രീം കോടതി ഉത്തരവായി. ഈ ഉത്തരവ് തമിഴ്നാടിനും ബാധകമാണോ എന്നതിൽ വ്യക്തത തേടിയാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്. ചണ്ഡീഗഡ് നഗരസഭാതിർത്തിയിലെ മദ്യശാലകൾക്കു ബാധകമായത് രാജ്യമെങ്ങുമുള്ള നഗരസഭാതിർത്തികളിലെ മദ്യശാലകൾക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി.