ആസിയാൻ പ്രത്യാശാദീപം, സുരക്ഷ ഒരുമിച്ച്: മോദി

വീണ്ടും ഭായി ഭായി: ആസിയാൻ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ്ങിനൊപ്പം. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേർട് സമീപം. ചിത്രം: എഎഫ്പി

മനില∙ ഭീകരതയ്ക്കെതിരെയും തെക്കുകിഴക്കേഷ്യൻ മേഖലയുടെ സുരക്ഷയ്ക്കായും ഒരുമിച്ചു നിൽക്കാൻ ദക്ഷിണേഷ്യൻ (ആസിയാൻ) രാഷ്ട്രനേതാക്കളെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഭീകരതയ്ക്കെതിരെ ഓരോ രാജ്യവും അവരുടേതായ രീതിയിലുള്ള പോരാട്ടത്തിലാണ്. ഇനി നീക്കങ്ങൾ ഒറ്റക്കെട്ടായി വേണമെന്ന് മോദി അഭിപ്രായപ്പെട്ടു.

ചതുർരാഷ്ട്ര സഖ്യത്തിന്റെ അടിത്തറയുറപ്പിച്ച് ജപ്പാൻ, ഓസ്ട്രേലിയ രാഷ്ട്രത്തലവന്മാരുമായും മോദി കൂടിക്കാഴ്ച നടത്തി. ആസിയാൻ കൂട്ടായ്മ അൻപതു വർഷം തികയ്ക്കുന്നത് അഭിമാനമുഹൂർത്തമാണെന്നു പറഞ്ഞ പ്രധാനമന്ത്രി സേവനദാതാവായി ഇന്ത്യയെപ്പോലെ സാന്നിധ്യമുറപ്പിച്ച ഫിലിപ്പീൻസിനെ പ്രശംസിച്ചു. പ്രസംഗത്തിലുടനീളം കേന്ദ്രപദ്ധതികൾ എണ്ണിയെണ്ണിപ്പറഞ്ഞ മോദി നോട്ടുനിരോധനവും ജിഎസ്ടി നടപ്പാക്കിയതും ഉൾപ്പെടെയുള്ള കാര്യങ്ങളും പരാമർശിച്ചു.

ഇന്ത്യ–പസഫിക് മേഖലയിൽ പുതിയ നയം രൂപീകരിക്കുന്നതിനെപ്പറ്റിയായിരുന്നു ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുളുമായും മോദി നടത്തിയ കൂടിക്കാഴ്ചകളിലെ ഊന്നൽ. ആസിയാൻ സമ്മേളനത്തിനു മുന്നോടിയായി ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ഔദ്യോഗിക തുടക്കമിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ആബെയുമായും ടേൺബുളുമായും നിർണായക ചർച്ചകൾ.

വിയറ്റ്നാം പ്രധാനമന്ത്രി ന്യൂയൻ ടാൻ ഡങ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ, ബ്രൂണയ് സുൽത്താൻ ഹസ്സനാൽ ബോൽകിയ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേർട്ടുമായി കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതിരോധരംഗത്തെ സഹകരണത്തിനുൾപ്പെടെ നാലു കരാറുകൾ ഒപ്പു വച്ചു.

റിപ്പബ്ലിക്ദിന അതിഥികളാകാൻ ആസിയാൻ നേതാക്കൾക്കു ക്ഷണം

അടുത്ത റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥികളാകാൻ ആസിയാൻ കൂട്ടായ്മയിലെ പത്തു നേതാക്കൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. നേതാക്കളെല്ലാം ക്ഷണം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ജനുവരി 25നു ‍‍ഡൽഹിയിൽ സംഘടിപ്പിക്കുന്ന ഇന്ത്യ–ആസിയാൻ സമ്മേളനത്തിലേക്കു നേതാക്കളെ വിളിച്ചതിനൊപ്പമാണ് 69–ാം റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിലെ മുഖ്യാതിഥികളാകാനും ക്ഷണം. ആസിയാൻ നേതാക്കൾ പങ്കെടുത്താൽ, റിപ്പബ്ലിക് ദിനവിശിഷ്ടാതിഥികളുടെ ചരിത്രത്തിൽ അത് അപൂർവതയാകും. ആസിയാൻ നേതാക്കളെ വരവേൽക്കാൻ 125 കോടി ഇന്ത്യക്കാർ കാത്തിരിക്കുമെന്നു പറഞ്ഞാണു മോദി പ്രസംഗം അവസാനിപ്പിച്ചത്.