പരോളില്‍ ശശികല 600 കോടിയുടെ സ്വത്ത് മാറ്റിയെഴുതി

ചെന്നൈ ∙ ചികിൽസയിലായിരുന്ന ഭർത്താവ് നടരാജനെ കാണാന്‍ പരോളില്‍ ചെന്നൈയിലെത്തിയ സമയത്ത് അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികല 600 കോടി രൂപയുടെ സ്വത്തുക്കൾ ബന്ധുക്കളുടെ പേരിലേക്കു മാറ്റിയെഴുതിയെന്നു വിവരം. ശശികല താമസിച്ച സഹോദരപുത്രി കൃഷ്ണപ്രിയയുടെ വീട്ടിൽനിന്ന് ഇതു സംബന്ധിച്ച രേഖകൾ ആദായ നികുതി ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ശശികല കുടുംബത്തിനെതിരായി നടന്ന ആദായനികുതി റെയ്ഡ് സംബന്ധിച്ച കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) കൈമാറിയേക്കും. പിടിച്ചെടുത്ത രേഖകളിൽ ഭൂരിഭാഗവും ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നതാണെന്നും കേസ് അവർക്കു കൈമാറാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിന്റെ (സിബിഡിടി) ഉത്തരവിനായി കാക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

റെയ്‍ഡിന്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് ആരംഭിച്ച ചോദ്യം ചെയ്യൽ നടപടികൾ തുടരുകയാണ്. കൃഷ്ണപ്രിയ, സഹോദരി ഷക്കീല, ഇവരുടെ ഭർത്താക്കൻമാർ, ജയ ടിവി ജനറൽ മാനേജർ നടരാജൻ തുടങ്ങിയവരെ ചോദ്യം ചെയ്തു.