‘ചില്ലറ’ പോലും വിലയില്ലെങ്കിലും നൂറു തികച്ച് ഒരു രൂപ നോട്ട്

ബ്രിട്ടിഷ് രാജാവ് ജോർജ് അഞ്ചാമന്റെ ചിത്രത്തോടെ പുറത്തിറങ്ങിയ ഒറ്റരൂപ നോട്ട്

മുംബൈ ∙ രണ്ടായിരം, ആയിരം തുടങ്ങിയ വൻനോട്ടുകൾ വന്നപ്പോൾ പോക്കറ്റുകളിലും പഴ്സുകളിലും ഒതുക്കപ്പെട്ട ഒരു രൂപ നോട്ടിന് ഇന്നലെ നൂറു വയസ്സ് തികഞ്ഞു. 1917 നവംബർ 30ന് അന്നത്തെ ബ്രിട്ടിഷ് രാജാവ് ജോർജ് അഞ്ചാമന്റെ ചിത്രത്തോടെയാണ് ആദ്യ ഒറ്റരൂപ നോട്ട് പുറത്തിറങ്ങിയത്. 

ആദ്യകാലത്ത് ഒരു രൂപയ്ക്കു 10 ഗ്രാം വെള്ളി കിട്ടുമായിരുന്നു.  തൊഴിലാളികളുടെ തരക്കേടില്ലാത്ത ദിവസശമ്പളം ഒരു രൂപ മുതൽ നാലു രൂപ വരെയുമായിരുന്നു. ഇന്നത്തെ 400 രൂപയുടെയെങ്കിലും വിലയെന്നർഥം. 

സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും ഒറ്റരൂപ നാണയങ്ങളുടെ കടന്നുകയറ്റവും കാരണം പലരും പിൽക്കാലത്ത് ഒരു രൂപ നോട്ടിനെ അവഗണിച്ചെങ്കിലും വിവാഹം പോലുള്ള ശുഭാവസരങ്ങളിൽ സമ്മാനം നൽകുമ്പോൾ ഒറ്റരൂപ നോട്ടുണ്ടാകും. വലിയ തുകയ്ക്കൊപ്പമുള്ള ഒറ്റരൂപ ഐശ്വര്യമുണ്ടാക്കുമെന്നാണു വിശ്വാസം.