ഉള്ളി പൊളിച്ച് കരയേണ്ട; ഉള്ളിത്തൊലിയിൽനിന്ന് വൈദ്യുതി വരുന്നു!

ന്യൂഡൽഹി∙ ഉള്ളി പൊളിക്കുമ്പോൾ കരയാത്തവർ കുറവാണ്. എന്നാൽ ഉള്ളിത്തൊലിയിൽ നിന്നു വൈദ്യുതിയുണ്ടാക്കാൻ ക‌ഴിയുമോ? കഴിയുമെന്നു ഇന്ത്യയിൽ നിന്നും കൊറിയയിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഗവേഷകസംഘം പറയുന്നു. ഐഐടി ഖോരഗ്പുർ, കൊറിയയിലെ പൊഹാങ് സർവകലാശാല എന്നിവരാണു ഉള്ളിത്തൊലിയിൽ നിന്ന് വൈദ്യുതി ഉണ്ടാക്കി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചത്.

നാനോ ജനറേറ്റർ

ഉള്ളിത്തൊലിയിൽ മാറ്റങ്ങൾ വരുത്തി ഇവർ രൂപപ്പെടുത്തിയ ‘നാനോ ജനറേറ്ററുകൾക്ക്’ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കരുത്തുണ്ട്. പീസോ ഇലക്ട്രിസിറ്റി എന്ന പ്രതിഭാസം മൂലമാണ് ഇവയിൽ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത്. ചലനം, സ്പർശം തുടങ്ങിയവയിൽ നിന്നുള്ള ലഘുമർദം മൂലം വസ്തുക്കളിൽ വൈദ്യുതി ഉണ്ടാകുന്നതാണു ‘പീസോ ഇലക്ട്രിസിറ്റി’. ഒരു ഉള്ളിത്തൊലിയിൽ നിന്നുണ്ടാക്കുന്ന നാനോജനറേറ്ററിൽ വിരൽ തൊട്ടാൽ 30 എൽഇഡി ബൾബുകൾ കത്തിക്കാൻ വേണ്ട വൈദ്യുതി കിട്ടുമെന്നാണു ശാസ്ത്രജ്ഞരുടെ അവകാശവാദം.

ഇത്തരം നാനോ ജനറേറ്ററുകൾ ട്രെഡ്മില്ലിലോ, ഡാൻസ്ഫ്ലോറിലോ, ഷൂവിന്റെ സോളിലോ സ്ഥാപിച്ചാൽ പരിസ്ഥിതിക്കു കോട്ടം തട്ടാത്ത രീതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ശബ്ദം തിരിച്ചറിയുന്ന വോയ്സ് റെകഗ്‌നിഷൻ സാങ്കേതികവിദ്യയിലും ഇവ സഹായകമാകും.