മോദിയെപ്പോലെയല്ല; തെറ്റ് പറ്റാറുണ്ടെന്നു രാഹുൽ

ന്യൂഡൽഹി ∙ തെറ്റു ചൂണ്ടിക്കാണിക്കുന്നതിനു ബിജെപി സുഹൃത്തുക്കൾക്കു നന്ദി പറഞ്ഞ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ‘ഞാൻ നരേന്ദ്ര മോദിയെപ്പോലെ അമാനുഷനല്ല. ഞങ്ങൾക്കെല്ലാം തെറ്റു പറ്റാറുണ്ട്. ഇടയ്ക്കിടെ തെറ്റുപറ്റുന്നതാണു ജീവിതത്തെ മനോഹരമാക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതു തുടരണം. അതെന്നെ മെച്ചപ്പെടാൻ സഹായിക്കും.

നിങ്ങളെയെല്ലാം സ്നേഹിക്കുന്നു’ എന്നാണു രാഹുലിന്റെ ട്വീറ്റ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം ചോദ്യംചെയ്തുള്ള രാഹുലിന്റെ ട്വീറ്റിലെ കണക്കുകൾ തെറ്റാണെന്ന വിമർശനത്തോടുള്ള പ്രതികരണമായായിരുന്നു ഇത്. വിമർശനം ഉയർന്നതോടെ ട്വീറ്റ് പിൻവലിച്ചു ശരിയായ കണക്കുകൾ സഹിതം പുതിയ ട്വീറ്റ് രാഹുൽ ഗാന്ധി പുറത്തുവിട്ടിരുന്നു.