തൊടാനായില്ല തൊഗാഡിയയെ! വിഎച്ച്പിയിൽ നേതൃമാറ്റത്തിനുള്ള മോദി–ആർഎസ്എസ് ശ്രമം പരാജയം

ന്യൂഡൽഹി∙ വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പ്രവീൺ തൊഗാഡിയയെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് നേതൃത്വവും ചേർന്നു നടത്തിയ ശ്രമം പരാജയപ്പെട്ടു. ഭുവനേശ്വറിൽ ഡിസംബർ 29നു സമാപിച്ച വിഎച്ച്പി ദേശീയ പ്രതിനിധി സഭാ യോഗത്തിലാണു തൊഗാഡിയയെ നേതൃത്വത്തിൽ നിന്നൊഴിവാക്കാൻ ആസൂത്രിത നീക്കമുണ്ടായത്.

വിഎച്ച്പി ട്രസ്റ്റീസ് ബോർഡിൽ നടത്തിയ തിരഞ്ഞെടുപ്പിൽ തൊഗാഡിയയുടെ പാനൽ വൻഭൂരിപക്ഷത്തോടെ ജയിച്ചതു റദ്ദാക്കി പ്രതിനിധി സഭയിൽ പുതിയ പാനൽ അവതരിപ്പിക്കാൻ ആർഎസ്എസ് നേതൃത്വം ശ്രമിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചു. വിഎച്ച്പിയുടെ ചരിത്രത്തിൽ ആദ്യമായാണു തിരഞ്ഞെടുപ്പും കോലാഹലവും അരങ്ങേറിയത്. 

ആസൂത്രണം ഡൽഹിയിൽ

സംഘപരിവാറിലെ പ്രഖ്യാപിത മോദി വിരുദ്ധനായ തൊഗാഡിയയെ ഒഴിവാക്കാനുള്ള ആസൂത്രണം നടന്നതു ഡിസംബർ പതിമൂന്നിനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും ആർഎസ്എസിലെ വിഎച്ച്പി പ്രഭാരി വി.ഭാഗയ്യയും നടത്തിയ ചർച്ചയിലാണു നേതൃമാറ്റത്തിനു ധാരണയിലെത്തിയത്.

ഭുവനേശ്വറിലെ യോഗത്തിനു മുൻപു ഭയ്യാജി ജോഷി ആർഎസ്എസ് നിർദേശമായി നേതൃമാറ്റവിഷയം പ്രവീൺ തൊഗാഡിയയെ അറിയിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വിഎച്ച്പി ട്രസ്റ്റീസ് ബോർഡിൽ തിരഞ്ഞെടുപ്പു നടക്കട്ടെയെന്ന തൊഗാഡിയയുടെ പിടിവാശി വിജയിച്ചു.

ബദൽ പാനൽ

ഇരുനൂറംഗ ട്രസ്റ്റീസ് ബോർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ രാഘവ റെഡ്ഢി പ്രസിഡന്റും പ്രവീൺ തൊഗാഡിയ വർക്കിങ് പ്രസിഡന്റും ചമ്പത്ത് റായി ജനറൽ സെക്രട്ടറിയുമായ പാനലിനെതിരെ ആർഎസ്എസിന്റെ ആശീർവാദത്തോടെ ഹിമാചൽ പ്രദേശ് മുൻ ഗവർണർ ജസ്റ്റിസ് വിഷ്ണു സദാശിവ് കോക്ജെ പ്രസിഡന്റും സുരേന്ദ്ര ജെയിൻ വർക്കിങ് പ്രസിഡന്റും മിലിന്ദ് പരന്തെ ജനറൽ സെക്രട്ടറിയുമായുള്ള പാനൽ രംഗത്തെത്തി.

കേരളത്തിലെയും തമിഴ്നാട്ടിലെയും വിഎച്ച്പി നേതാക്കളാണു പ്രധാനമായും തൊഗാഡിയ വിരുദ്ധ പാനലിനെ പിന്തുണച്ചത്. തൊഗാഡിയ പാനലിനു ശരാശരി 175 വോട്ടും എതിരാളികൾക്ക് 20 വോട്ടുമാണു ലഭിച്ചത്. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം ആർഎസ്എസ് നേതൃത്വം ഇടപെട്ടു തടഞ്ഞുവച്ച ശേഷം ചേർന്ന പ്രതിനിധി സഭയിലാണ് അസാധാരണ രംഗങ്ങളുണ്ടായത്.

പരാജയപ്പെട്ട പാനലിനെ അംഗീകരിക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി അഭ്യർഥിച്ചതോടെ യോഗം ശബ്ദായമാനമായി. തൊണ്ണൂറു ശതമാനത്തോളം അംഗങ്ങൾ തൊഗാഡിയയെ പിന്തുണച്ച് എഴുന്നേറ്റുനിന്ന് ഓങ്കാരം മുഴക്കിയതോടെ തൊഗാഡിയയുടെ പാനലിനെ അംഗീകരിച്ച് ഭയ്യാജി ജോഷി പിന്മാറി. 

അയോധ്യയും ഗുജറാത്തും

അയോധ്യ ശ്രീരാമക്ഷേത്ര നിർമാണം ഒക്ടോബറിൽ ആരംഭിക്കുമെന്ന തൊഗാഡിയയുടെ പ്രഖ്യാപനത്തോടൊപ്പം ഗുജറാത്തിലെ ബിജെപി വിരുദ്ധ ധ്രുവീകരണത്തിൽ തൊഗാഡിയയും ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറി സഞ്ജയ് ജോഷിയും വഹിച്ച പങ്കും നരേന്ദ്ര മോദിയെ പ്രകോപിപ്പിച്ചിരുന്നു. ഗുജറാത്തിൽ ബിജെപിക്കെതിരെ ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിലുണ്ടായ പട്ടേൽ സംവരണ പ്രക്ഷോഭത്തിനു തൊഗാഡിയയുടെയും സഞ്ജയ് ജോഷിയുടെയും പിന്തുണയുണ്ടെന്നു മോദിയും അമിത് ഷായും മുൻപ് ആർഎസ്എസ് നേതൃത്വത്തിനു പരാതി നൽകിയിരുന്നു.

പ്രവീൺ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള ഹിന്ദു ഹെൽപ്‌ലൈൻ പ്രവർത്തകരെ രാജ്യവ്യാപകമായി ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതും അടുത്തകാലത്തു വിവാദമായിരുന്നു. വിഎച്ച്പിയുടെ തീവ്ര ഹിന്ദുത്വ അജൻഡ കേന്ദ്ര സർക്കാരിനു വെല്ലുവിളിയാകുന്നുമുണ്ട്.