‘മദ്യപിച്ചിട്ടു വണ്ടി ഓടിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ബാർ ഉടമകൾ’

പനജി ∙ മദ്യപിച്ചശേഷം ഉപയോക്താക്കൾ രാത്രി സ്വയം വാഹനമോടിച്ചു പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഇനി ബാർ ഉടമകൾ. ഇതിനാവശ്യമായ നിയമം അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്നു ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. മദ്യപിച്ചിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനായി 36 ലക്ഷം രൂപ മുടക്കി 100 ആൽകോമീറ്ററുകൾ വാങ്ങി പൊലീസിനു കൈമാറിയതായി അദ്ദേഹം പറഞ്ഞു.

അപകടങ്ങളിൽ മരിച്ചവരുടെ ഭാര്യമാർക്കായി ദയാനന്ദ് സാമൂഹിക സുരക്ഷാ പദ്ധതി ആരംഭിച്ചപ്പോൾ അതിൽ 35,000 അംഗങ്ങൾ ഉണ്ടാവുമെന്നു കരുതിയിരുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ സ്ത്രീകളുടെ ഭർത്താക്കന്മാർ യുവാക്കളായിരിക്കെത്തന്നെ മരിച്ചവരാണ്. ഇതിൽ പകുതിപ്പേരും മദ്യവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചവരാകാം.

ഗോവയിലെ റോഡുകളിൽ കഴിഞ്ഞ വർഷം 320 പേർ മരിച്ചു. മുൻവർഷം ഇത് 336 ആയിരുന്നു. 20 വർഷത്തിനുശേഷം ആദ്യമായി പുതുവത്സരദിനത്തിൽ റോഡിൽ കിടന്ന് ആരും മരിച്ചില്ല. ഇതു സർക്കാർ സ്വീകരിച്ച നടപടികളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.