ലോയ കേസ് മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിനു വിട്ടേക്കും

ന്യൂഡൽഹി ∙ പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന ബി.എച്ച്.ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് കഴിഞ്ഞയാഴ്ച പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് മോഹൻ എം.ശാന്തന ഗൗഡർ എന്നിവരുടെ ബെഞ്ച് ഇന്നു പ്രവർത്തിക്കില്ല. ലോയ കേസ് മുതിർന്ന ജഡ്ജിമാരുൾപ്പെട്ട ബെഞ്ചിലേക്കു വിട്ടേക്കുമെന്നാണു സൂചന. ഈ കേസ് മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിനു വിടണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് നിരസിച്ചതാണു നാലു ജഡ്ജിമാർ അദ്ദേഹത്തെ പരസ്യമായി വിമർശിക്കാൻ ഇടയാക്കിയ ഒടുവിലത്തെ കാരണം.

ഇതിനിടെ, ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് ഭരണഘടനാ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും. ബെഞ്ചിൽ ഏതൊക്കെ ജഡ്ജിമാരെന്നു സുപ്രീം കോടതിയുടെ സർക്കുലറിൽ പറയുന്നില്ല. നിശ്ചിത പ്രായഗണത്തിലുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാത്തതു ഭരണഘടനാ ലംഘനമാണോ എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഭരണഘടനാ ബെഞ്ച് പരിശോധിക്കണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞ ഒക്ടോബർ 13നാണ് തീരുമാനിച്ചത്.