നാല് ജഡ്ജിമാർക്കു പിന്തുണയുമായി മുൻ ജഡ്ജിമാരുടെ തുറന്ന കത്ത്

ന്യൂഡൽഹി ∙ കേസുകൾ വിവിധ ബെഞ്ചുകൾക്ക് അനുവദിക്കുന്നതു സംബന്ധിച്ചു സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ വെളിച്ചത്തു കൊണ്ടുവന്ന പ്രശ്നങ്ങൾ നീതിനടത്തിപ്പിലും നിയമവാഴ്ചയിലും ദോഷകരമായ അവസ്ഥയുണ്ടാക്കുന്നതാണെന്നു വിരമിച്ച നാലു ജഡ്ജിമാരുടെ തുറന്ന കത്ത്.

സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് പി.ബി.സാവന്ത്, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി.ഷാ, മദ്രാസ് ഹൈക്കോടതി മുൻ ജസ്റ്റിസ് കെ.ചന്ദ്രു, മുംബൈ ഹൈക്കോടതി മുൻ ജസ്റ്റിസ് എച്ച്.സുരേഷ് എന്നിവരാണു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു തുറന്ന കത്തെഴുതിയത്. സുപ്രീം കോടതി ബാർ അസോസിയേഷന്റെ നിലപാടുകളുമായി യോജിക്കുന്നുവെന്നും പ്രശ്നം പരിഹരിക്കുന്നതുവരെ പ്രധാന കാര്യങ്ങൾ മുതിർന്ന ജഡ്ജിമാർ ഉൾപ്പെടുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുൻപാകെ ലിസ്റ്റ് ചെയ്യണമെന്നും ജസ്റ്റിസ് ഷാ പറഞ്ഞു.