സുപ്രീംകോടതി പ്രതിസന്ധി ബെഞ്ചിൽതന്നെ

ന്യൂഡൽഹി ∙ സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ ഉന്നയിച്ച വിമർശനം അവഗണിക്കുന്നുവെന്ന സൂചനയുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. സിബിഐ കോടതിയിൽ ജഡ്ജിയായിരുന്ന ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള ഹർജി, നേരത്തേ നിശ്ചയിച്ച ബെഞ്ച് തന്നെ ഇന്നും പരിഗണിക്കും. വിമർശിച്ചവരെ ആധാർ, ശബരിമല കേസുകൾക്കുള്ള ഭരണഘടനാ ബെഞ്ചിലും ചീഫ് ജസ്റ്റിസ് ഉൾപ്പെടുത്തിയില്ല. 

ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചതിലൂടെ രൂപംകൊണ്ട പ്രതിസന്ധിക്കു പരിഹാരമായെന്ന് അറ്റോർണി ജനറലും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതാക്കളും അവകാശപ്പെട്ടിരുന്നു. എന്നാൽ, പ്രതിസന്ധി തുടരുന്നുവെന്നു മാത്രമല്ല, വിമർശിച്ചവരുമായി ചർച്ച നടത്താനോ എല്ലാ ജഡ്ജിമാരുടെയും യോഗം (ഫുൾ കോർട്ട്) വിളിക്കാനോ ചീഫ് ജസ്റ്റിസ് തയാറായിട്ടില്ല. ഏതാനും ദിവസംകൂടി കാത്തിരിക്കാനാണു പ്രതിഷേധിച്ചവരുടെ തീരുമാനമെന്നു ജുഡീഷ്യറി വൃത്തങ്ങൾ പറഞ്ഞു. 

ചീഫ് ജസ്റ്റിസും വിമർശിച്ച ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരും ഇന്നലെ പതിവുപോലെ കേസുകൾ പരിഗണിച്ചു. 

തിരുത്താൻ താൻ തയാറാണെന്നും തൽക്കാലം ഇപ്പോഴത്തെ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകട്ടെയെന്നും ചീഫ് ജസ്റ്റിസ് ചില വിശ്വസ്തരോടു സൂചിപ്പിച്ചതായി റിപ്പോർട്ടുണ്ട്. പക്ഷേ, പുതിയ ഭരണഘടനാ ബെഞ്ചിന്റെ ഘടന ഈ വിവരവുമായി ഒത്തുപോകുന്നതല്ല. 

ഉപചാരം ചൊല്ലി പിരിഞ്ഞു 

എല്ലാ ദിവസവും രാവിലെ കോടതി മുറികളിലേക്കു പോകുന്നതിനു മുൻപു ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും അനൗപചാരികമായി ഒത്തുകൂടുന്ന പതിവുണ്ട്. ഇന്നലെയും അതു മുടങ്ങിയില്ല. എന്നാൽ, ചീഫ് ജസ്റ്റിസും വിമർശിച്ച ജഡ്ജിമാരുമായി ഉപചാരവാക്കുകൾ മാത്രം കൈമാറി. മറ്റു ജഡ്ജിമാരും വിവാദ വിഷയം പരാമർശിച്ചില്ല. 

വനിതാ ജഡ്ജിയും ഇല്ല 

ആധാർ, ശബരിമലയിലെ സ്ത്രീപ്രവേശനം, പരസ്ത്രീ ഗമനത്തിനുള്ള ശിക്ഷയുടെ ഭരണഘടനാ സാധുത എന്നിവയുടേതുൾപ്പെടെ എട്ടു കേസുകൾ നാളെ മുതലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഈ ബെഞ്ചിൽ ജഡ്ജിമാരായ എ.കെ. സിക്രി, എ.എം. ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരുമുൾപ്പെടുന്നു.

സ്ത്രീകളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളുൾപ്പെടുന്ന കേസുകളും ഉൾപ്പെടുന്നുവെങ്കിലും സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ഭാനുമതിയെപ്പോലും ഉൾപ്പെടുത്താതിരുന്നതും വിമർശിക്കപ്പെടുന്നു. ഇന്നലെ പ്രഖ്യാപിച്ച ബെഞ്ചിൽ ചീഫ് ജസ്റ്റിസിനു പുറമേയുള്ളവർ സീനിയോറിറ്റി പട്ടികയിൽ ‌ഇങ്ങനെ: ജസ്റ്റിസ് സിക്രി – 6, ജസ്റ്റിസ് ഖാൻവിൽക്കർ– 17, ജസ്റ്റിസ് ചന്ദ്രചൂഡ്–18, ജസ്റ്റിസ് ഭൂഷൺ– 19.