സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന അഞ്ചു ജഡ്ജിമാർക്ക് പരാതി

ന്യൂഡൽഹി ∙ മെഡിക്കൽ കോഴക്കേസിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ആഭ്യന്തര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്യാംപെയ്ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) എന്ന സംഘടന സുപ്രീം കോടതിയിലെ അഞ്ചു മുതിർന്ന ജഡ്ജിമാർക്കു പരാതി നൽകി. മെഡിക്കൽ കോഴക്കേസ് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആവശ്യപ്പെട്ടതിനു സിജെഎആറിനു നേരത്തേ സുപ്രീം കോടതി 25 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

സുപ്രീം കോടതിയിലെ ജഡ്ജിമാർക്കും ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാർക്കും എതിരെ പരാതിയുണ്ടായാൽ അന്വേഷിക്കാൻ ജഡ്ജിമാരുടെ സമിതിയുണ്ടാക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിനെതിരെ പരാതിയുണ്ടായാൽ അന്വേഷണത്തിനു സംവിധാനമില്ല. അതിനാൽ, ഉചിതമായ സംവിധാനമുണ്ടാക്കി നിലവിലെ പരാതി പരിഗണിക്കണമെന്നു സിജെഎആർ നേതാക്കളായ പ്രശാന്ത് ഭൂഷണും അഞ്ജലി ഭരദ്വാജും ആവശ്യപ്പെട്ടു.

എന്നാൽ, ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യാൻ നടപടി വേണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും നാലു ജഡ്ജിമാർ അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തിൽ അദ്ദേഹം രാജിവയ്ക്കണമായിരുന്നുവെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലോക്കൂർ, കുര്യൻ ജോസഫ്, എ.കെ.സിക്രി എന്നിവർക്കാണു പരാതി നൽകിയത്. പരാതിയിൽ ചീഫ് ജസ്റ്റിസിനെതിരെയുള്ള പ്രധാന ആരോപണങ്ങൾ:

∙ സിബിഐ എഫ്െഎആർ റജിസ്റ്റർ ചെയ്ത മെഡിക്കൽ കോഴക്കേസിൽ, അനുകൂല വിധിക്കായി സുപ്രീം കോടതി ജഡ്ജിമാർക്കു കോഴ കൊടുക്കുന്നതിനുള്ള ഗൂഢാലോചനയാണ് ആരോപണം. കോഴത്തുക, തീയതികൾ‍, കേസിന്റെ പുരോഗതി തുടങ്ങിയവ ഒരു മുൻ ജഡ്ജിയും ഇടനിലക്കാരുമായി ചർച്ച ചെയ്യുന്നതിന്റെ ഫോൺ ശബ്ദരേഖ സിബിഐയുടെ പക്കലുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് എല്ലാത്തവണയും പരിഗണിച്ചത്.

∙ ഒരു ജഡ്ജിയും തനിക്കെതിരെ ആരോപണമുള്ള കേസ് പരിഗണിക്കരുതെന്നതു നീതിനിർവഹണ വ്യവസ്ഥയിലെ അടിസ്ഥാന പ്രമാണമാണ്. എന്നാൽ, ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് പരിഗണിച്ചു.

∙ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് നാരായൺ ശുക്ലയ്ക്കെതിരെ എഫ്െഎആർ റജിസ്റ്റർ ചെയ്യാൻ സിബിഐ അനുമതി ചോദിച്ചു. ചീഫ് ജസ്റ്റിസ് അനുമതി നൽകിയില്ല.

∙ കേസുമായി ബന്ധപ്പെട്ടു ചീഫ് ജസ്റ്റിസ് കഴിഞ്ഞ നവംബർ ആറിനു നൽകിയ ഭരണനിർവഹണപരമായ ഉത്തരവിൽ ക്രമക്കേടുണ്ടെന്നു കരുതാൻ‍ കാരണങ്ങളുണ്ട്.

∙ ചീഫ് ജസ്റ്റിസ് അഭിഭാഷകനായിരിക്കെ വ്യാജ സത്യവാങ്മൂലം നൽകി കൃഷിഭൂമി വാങ്ങിയിരുന്നു. ഈ നടപടി മജിസ്ട്രേട്ട് 1995ൽ റദ്ദാക്കി. എന്നാൽ, സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചശേഷം, 2012ൽ മാത്രമാണു ചീഫ് ജസ്റ്റിസ് ഭൂമി തിരിച്ചു നൽകിയത്.

∙ മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ട സ്ഥാപനത്തെ സംബന്ധിച്ച ഉത്തരവുകളെല്ലാം കോടതിയുടെ വെബ്സൈറ്റിൽനിന്നു നീക്കം ചെയ്തിരിക്കുകയാണ്.