ഓറഞ്ച് പാസ്പോർട്ടിനെതിരെ പ്രതിഷേധം ശക്തം; കേരള എംപിമാർ പരാതി നൽകി

ന്യൂഡൽഹി ∙ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ട് നൽകാനുള്ള വിവേചനപരമായ നടപടിയിൽ നിന്നു സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ടു കേരളത്തിൽ നിന്നുള്ള എംപിമാർ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചു. പ്രത്യേക എമിഗ്രേഷൻ അനുമതി ആവശ്യമുള്ളവർക്ക് (ഇസിആർ) ഓറഞ്ച് പാസ്പോർട്ടുകൾ നൽകാനുള്ള തീരുമാനമാണു വ്യാപക എതിർപ്പു ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

രണ്ടു നിറത്തിലുള്ള പാസ്പോർട്ട് ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് അയച്ച കത്തിൽ പറഞ്ഞു. പൗരന്മാരെ രണ്ടു തട്ടിലാക്കുന്ന നടപടിയിൽ നിന്ന് ഉടൻ പിന്തിരിയണമെന്നു പ്രധാനമന്ത്രിക്കയച്ച കത്തിൽ എം.ബി.രാജേഷ് എംപി ആവശ്യപ്പെട്ടു.