Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഡ് ആക്രമണ ഇരകൾക്ക് ഇനി ജോലി സംവരണം

acid-attack-victim6

ന്യൂഡൽഹി ∙ ആസിഡ് ആക്രമണത്തിന് ഇരയായവർക്കും കേന്ദ്ര സർക്കാർ സർവീസുകളിൽ ഇനി ജോലി സംവരണം ലഭിക്കും. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര പഴ്സനേൽ – ട്രെയിനിങ് വകുപ്പ് എല്ലാ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്കും അയച്ചു. ആസിഡ് ആക്രമണത്തിന് ഇരയായവർക്കു പുറമേ ഓട്ടിസം, മനോദൗർബല്യം തുടങ്ങിയവ ബാധിച്ചവർക്കും കേന്ദ്രസർക്കാർ സർവീസുകളിൽ തൊഴിൽ സംവരണം ഉറപ്പുവരുത്തണമെന്ന് ഉത്തരവിൽ പറയുന്നു.

വൈകല്യമുള്ളവർക്ക് നിലവിൽ നേരിട്ടുള്ള നിയമനത്തിൽ മൂന്നു ശതമാനം സംവരണമുണ്ട്. വൈകല്യമുള്ളവർക്കു ലഭിക്കുന്ന ഒഴിവുകളുടെ എണ്ണത്തിൽ നാലു ശതമാനമാണ് ഇവർക്കായി നീക്കിവയ്ക്കേണ്ടത്. നേരിട്ടല്ലാതെയുള്ള നിയമനങ്ങളിൽ എല്ലാ ഒഴിവുകളുടെയും ഒരു ശതമാനം വീതം കാഴ്ചശേഷി കുറവുള്ളവർ, ബധിരർ, സെറിബ്രൽ പാൾസി ബാധിച്ചവർ, ആസിഡ് ആക്രമണത്തിന് ഇരയായവർ, ഓട്ടിസം ബാധിച്ചവർ, മനോദൗർബല്യമുള്ളവർ എന്നീ വിഭാഗങ്ങൾക്കു നീക്കിവയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പുതിയ ചട്ടപ്രകാരം എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും തൊഴിൽ സ്ഥലത്തെ വിവേചനം സംബന്ധിച്ച പരാതികൾ സ്വീകരിക്കാൻ ഓഫിസറെ നിയമിക്കണം. പരാതി റജിസ്റ്റർ സൂക്ഷിക്കണം. രണ്ടു മാസത്തിനുള്ളിൽ പരാതി അന്വേഷിച്ചു തീർപ്പുണ്ടാക്കണം. പട്ടിക ജാതി–വർഗ വിഭാഗങ്ങൾ, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ സംവരണം ഭിന്നശേഷിക്കാരുടെ സംവരണത്തിനായി ഉപയോഗിക്കരുതെന്നും പുതിയ ചട്ടം വ്യക്തമാക്കുന്നു. 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിനു കീഴിലാണു മറ്റുള്ളവരെയും ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.