സുപ്രീം കോടതി വിധി: ഹരിത ട്രൈബ്യൂണൽ കൂടുതൽ സ്തംഭനത്തിലേക്ക്

ചെന്നൈ∙ ദേശീയ ഹരിത ട്രൈബ്യൂണലിൽ സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കുന്നത് അനുവദിക്കാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയതിനു പിന്നാലെ, നാലു മേഖലാ ബെഞ്ചുകളിൽ അവശേഷിച്ചിരുന്ന ജുഡീഷ്യൽ, വിദഗ്ധ അംഗങ്ങളെ ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചിലേക്കു മാറ്റുന്നു. ഇതോടെ, ഈ ബെഞ്ചുകളുടെ പ്രവർത്തനം പൂർണമായി സ്തംഭിക്കും. ജുഡീഷ്യൽ, വിദഗ്ധ അംഗങ്ങളെല്ലാം വിരമിച്ചതിനാൽ ചെന്നൈ ബെഞ്ചിന്റെ പ്രവർത്തനം ഒരു മാസം മുൻപു തന്നെ നിലച്ചിരുന്നു. മൂന്നാർ കയ്യേറ്റം ഉൾപ്പെടെ അഞ്ഞൂറോളം കേസുകളാണു ചെന്നൈയിൽ മാത്രം കെട്ടിക്കിടക്കുന്നത്. 

മറ്റു മേഖലാ ബെഞ്ചുകളിലെ മൂന്നു ജുഡീഷ്യൽ അംഗങ്ങളോടും ഏക വിദഗ്ധ സമിതിയംഗത്തോടും നാളെ ഡൽഹിയിലേക്കു മാറാൻ ആക്ടിങ് ചെയർപഴ്സൻ നിർദേശിച്ചു. പുതിയ നിയമനങ്ങളുണ്ടാകുന്നതുവരെ ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ച് മാത്രമാകും കേസുകൾ പരിഗണിക്കുകയെന്നാണു സൂചന. 

അതേസമയം, മേഖലാ ബെഞ്ചുകളിലെ കേസുകൾ ഡൽഹിയിലേക്കു മാറ്റാൻ ഉത്തരവിട്ടിട്ടില്ല. ജീവനക്കാരും അതതിടങ്ങളിൽ തുടരുന്നു. ചെന്നൈയിൽ മാത്രം നാൽപതിലേറെപ്പേരുണ്ട്. 

കേസ് പരിഗണിക്കാൻ ആരുമില്ലാതിരുന്നിട്ടും കഴിഞ്ഞ ഒരു മാസത്തിനിടെ ചെന്നൈയിലും ഹർജികൾ സ്വീകരിച്ചിരുന്നു. ഇവ റജിസ്ട്രാർ മറ്റൊരു തീയതിലേക്കു മാറ്റിവയ്ക്കുകയാണു ചെയ്തത്. 

പരിസ്ഥിതി കേസുകൾ പരിഗണിക്കാൻ മാത്രമായി യുപിഎ സർക്കാരാണു ദേശീയ ഹരിത ട്രൈബ്യൂണൽ രൂപീകരിച്ചത്. പ്രിൻസിപ്പൽ ബെഞ്ച് ഉൾപ്പെടെ അഞ്ചിടത്തായി 10 വീതം ജുഡീഷ്യൽ, വിദഗ്ധ സമിതി അംഗങ്ങളാണു വേണ്ടത്. ഒരു വിദഗ്ധ സമിതി അംഗവും ഒരു ജുഡീഷ്യൽ അംഗവും ചേർന്നാണു കേസ് പരിഗണിക്കേണ്ടത്. എന്നാൽ, നിയമനം മുടങ്ങിയതോടെ അംഗങ്ങളില്ലാതായി. തുടർന്നാണു സിംഗിൾ ബെഞ്ചിനും കേസ് പരിഗണിക്കാമെന്ന ഭേദഗതി കൊണ്ടുവന്നത്. ഇത് അനുവദിക്കാനാവില്ലെന്നാണു സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.