മസ്കത്തിൽ മോദിയുടെ പൊതുസമ്മേളനത്തിൽ പകുതി സീറ്റുകളും കാലി

ഒമാനിൽ മസ്കത്ത് സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിനെത്തിയവരെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

മസ്കത്ത് ∙ ഒമാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുസമ്മേളനത്തിനെത്തിയതു പ്രതീക്ഷിച്ചതിന്റെ പകുതിയിൽ താഴെ ആളുകൾ മാത്രം. മസ്കത്ത് സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിലെ പൊതുപരിപാടിക്കു 30,000 പേർക്കാണു പാസ് നൽകിയിരുന്നതെങ്കിലും എത്തിയത് പതിമൂവായിരത്തോളം പേർ മാത്രം. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയമാണിത്.

വിഐപി, വിവിഐപി കസേരകൾ ഒട്ടുമുക്കാലും കാലിയായിരുന്നു. സ്വീകരണം ഒരുക്കിയതു കാൽലക്ഷത്തിലേറെ അംഗങ്ങളുള്ള മസ്കത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിലായിട്ടുപോലും പങ്കാളിത്തം കുറഞ്ഞു. കോൺഗ്രസ്, സിപിഎം അനുഭാവികൾ പാസ് വാങ്ങിയശേഷം മനഃപൂർവം വിട്ടുനിൽക്കുകയായിരുന്നുവെന്നു ബിജെപി അനുഭാവികൾ ആരോപിക്കുന്നു.

പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പ്രവാസികൾക്കായി എന്തു പ്രഖ്യാപിച്ചെന്നു മറുപക്ഷം തിരിച്ചുചോദിക്കുന്നു. ഞായറാഴ്ച ഒമാനിൽ പ്രവൃത്തിദിവസമാണെന്നതും ജനപങ്കാളിത്തം കുറയാൻ കാരണമായെന്നു വാദമുണ്ട്.