തമിഴ്നാട് സഭയിൽ ജയയുടെ ഛായാചിത്രം; പിന്നാലെ ഡിഎംകെ കോടതിയിൽ

നിയമസഭയിൽ മുൻമുഖ്യമന്ത്രി ജയലളിതയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പ്രസംഗിക്കുന്ന മുഖ്യമന്ത്രി എടപ്പാടി പളനിസാമി. എതിർപാർട്ടികൾ ചടങ്ങു ബഹിഷ്കരിച്ചതിനെ തുടർന്നു പ്രതിപക്ഷ നിരയിലെ കസേരകളിലും അണ്ണാഡിഎംകെ എംഎൽഎമാരും എംപിമാരും തന്നെയാണ് ഇരുന്നത്.

ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഛായാചിത്രം നിയമസഭയിൽ അനാച്ഛാദനം ചെയ്തു. തൊട്ടുപിന്നാലെ, ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്നു പരിഗണിക്കും. അണ്ണാ ഡിഎംകെ മന്ത്രിമാരും എംഎൽഎമാരും എംപിമാരും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുത്ത ചടങ്ങ് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചു. അണ്ണാ ഡിഎംകെ വിമത എംഎൽഎ ടി.ടി.വി. ദിനകരനും എത്തിയില്ല. 

അനാച്ഛാദന വേളയിൽ അണ്ണാ ഡിഎംകെ അംഗങ്ങൾ എഴുന്നേറ്റുനിന്നു കൈകൂപ്പി. അഴിമതിക്കേസിൽ കുറ്റക്കാരിയെന്നു സുപ്രീം കോടതി കണ്ടെത്തിയ വ്യക്തിയുടെ ഛായാചിത്രം സ്ഥാപിക്കുന്നതു ജനാധിപത്യത്തിനു കളങ്കമാണെന്ന് ആരോപിച്ചാണു ഡിഎംകെ കോടതിയെ സമീപിച്ചത്. 

തമിഴ്നാട് നിയമസഭാ മന്ദിരത്തിൽ ഇതുവരെ 11 വ്യക്തികളുടെ ഛായാചിത്രം സ്ഥാപിച്ചതിൽ ആദ്യ വനിതയാണു ജയലളിത.