ഭീകരതയ്ക്കെതിരെ ഒമാനുമായും ഇന്ത്യൻ സഹകരണം

ഒമാൻ പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മസ്കത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചപ്പോൾ. ചിത്രം: പിടിഐ

മസ്കത്ത് ∙ ഭീകരതയ്ക്കെതിരെ ഇന്ത്യയും ഒമാനും കൈകോർത്ത് പ്രവർത്തിക്കും. ആശയപരമായും സാമ്പത്തികമായും ഭീകര സംഘടനകളെ സഹായിക്കുന്നവർക്കെതിരെയും നടപടി ശക്തമാക്കണമെന്നും ഇതിനായി രാജ്യാന്തര കൂട്ടായ്മ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ചു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

‘മെയ്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി പ്രതിരോധ ഉൽപന്ന നിർമാണരംഗത്തു സഹകരണ പദ്ധതി നടപ്പാക്കും. ഇന്ത്യയിൽനിന്ന് ഒമാൻ പ്രതിരോധ സാമഗ്രികൾ വാങ്ങും. കള്ളപ്പണം, ലഹരിമരുന്ന്, കറൻസി കള്ളക്കടത്ത്, മനുഷ്യക്കടത്ത്, നിയമവിരുദ്ധ കുടിയേറ്റം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെയും യോജിച്ചുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും. സൈബർ ദുരുപയോഗം തടയാൻ സംയുക്ത നടപടി സ്വീകരിക്കും. സംയുക്ത സൈനികപരിശീലനത്തിന് ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസും ഒമാനിലെ നാഷനൽ ഡിഫൻസ് കോളജും ധാരണാപത്രം ഒപ്പുവച്ചു. ഇക്കൊല്ലത്തെ സൈനിക സഹകരണ സമിതി യോഗം മസ്കത്തിൽ നടക്കും. ഇന്ത്യ-ഒമാൻ ജോയിന്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് പദ്ധതികൾക്ക് ഊർജം പകരുമെന്നും സംയുക്ത പ്രസ്താവനയിലുണ്ട്.

പ്രതിരോധം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഖനനം, ടൂറിസം മേഖലകളിൽ ഉൾപ്പെടെ എട്ടു കരാറുകളിൽ ഇന്ത്യയും ഒമാനും കഴിഞ്ഞദിവസം ഒപ്പുവച്ചിരുന്നു. മസ്കത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കിലും നൂറ്റാണ്ടിലേറെ പഴക്കമുള്ള ശിവക്ഷേത്രത്തിലും സന്ദർശനം നടത്തിയാണ് മോദി ഇന്ത്യയിലേക്കു മടങ്ങിയത്.