Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിക് സർക്കാരിനെ ക്ഷണിക്കാൻ സിപിഎം ഓഫിസിൽ റാം മാധവും ബിപ്ലബും

ram-madava-cpm-office

അഗർത്തല ∙ അധികാരം നഷ്ടപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക വസതി വിട്ട് പാർട്ടി ഓഫിസിലേക്കു താമസം മാറിയ മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെ കാണാൻ അപ്രതീക്ഷിതമായി ഏതാനും അതിഥികളെത്തി. നിയുക്ത മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, മുതിർന്ന ബിജെപി നേതാവ് റാം മാധവ് എന്നിവരായിരുന്നു അത്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിക്കാനായിരുന്നു അവരുടെ വരവ്.

മണിക് സർക്കാർ ക്ഷണം സ്വീകരിച്ചതായി, തിരിച്ചിറങ്ങിയപ്പോൾ റാം മാധവ് പറഞ്ഞു. തുടർന്നു മണിക് സർക്കാരിനെ അഭിനന്ദിച്ച് റാം മാധവിന്റെ ട്വിറ്റർ സന്ദേശവും എത്തി. തന്റെ സ്വഭാവമനുസരിച്ചുതന്നെ രാജിവച്ച ഉടൻ അദ്ദേഹം പാർട്ടി ഓഫിസിലേക്കു താമസം മാറിയെന്നും മറ്റു നേതാക്കൾ പിന്തുടരേണ്ട മാതൃകയാണിതെന്നുമായിരുന്നു സന്ദേശം. വാക്കു പറഞ്ഞതുപോലെ സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ബിപ്ലബ് മുൻഗാമിയുടെ കാൽതൊട്ടുവണങ്ങി അനുഗ്രഹം തേടിയതു കണ്ടു ജനം ഹർഷാരവം മുഴക്കി.

ദേശീയ ഗാനാലാപനത്തോടെ ചടങ്ങ് അവസാനിച്ച ഉടൻ ഗവർണരും ഉദ്യോഗസ്ഥരുമൊക്കെ വേദി വിട്ടു. തുടർന്നു ബിജെപിയുടെ വിജയാഘോഷ റാലിയായിരുന്നു. മണിക് സർക്കാർ വേദിയിൽ തന്നെ ഇരിക്കുന്നതു കണ്ട ബിജെപി അധ്യക്ഷൻ അമിത് ഷാ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപെടുത്തി. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനിയുടെയും മുരളീമനോഹർ ജോഷിയുടെയും മധ്യത്തിൽ ഇരിക്കുകയായിരുന്ന മണിക് സർക്കാരിന്റെ അടുത്തു ചെന്നു മോദി ചെവിയിൽ കാര്യം പറഞ്ഞു. ഞെട്ടിയുണർന്നതു പോലെ അദ്ദേഹം ചാടിയെണീറ്റു വേദി വിടുകയും ചെയ്തു.