Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

22 ലക്ഷത്തിന്റെ കാർ മതിയെന്ന് നാഗാ പ്രതിപക്ഷം

കൊഹിമ ∙ ഔദ്യോഗിക വാഹനമായി റെനോ ഡസ്റ്ററിനു പകരം ടൊയോട്ട ഇന്നോവ ക്രിസ്റ്റ മതിയെന്നു നാഗാലാൻഡിലെ പ്രതിപക്ഷ എംഎൽഎമാർ. 22 ലക്ഷത്തിനു മുകളിലാണു ക്രിസ്റ്റയുടെ വില. ഡസ്റ്ററിനു 13 ലക്ഷവും. 60 എംഎൽഎമാർക്കായി 7.8 കോടി രൂപ മുടക്കി ഡസ്റ്റർ വാങ്ങാനായി സർക്കാർ ഒരുങ്ങുമ്പോഴാണു ക്രിസ്റ്റ മതിയെന്നു നാഗാ പീപ്പിൾസ് ഫ്രണ്ടിലെ (എൻപിഎഫ്) 11 എംഎൽഎമാർ സർക്കാരിനെ അറിയിച്ചത്.

ക്രിസ്റ്റയുടെ ഉയർന്ന മോഡൽ തന്നെ വേണമെന്ന് എംഎൽഎമാരുടെ സംയുക്ത കത്തിൽ പ്രത്യേകം ചേർത്തിട്ടുണ്ട്. പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ടി.ആർ.സെലിയാങ് കത്തിനോടു പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 15 വർഷമായി സംസ്ഥാനം ഭരിച്ചിരുന്ന എൻപിഎഫ് ഇത്തവണ 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. ബിജെപി–എൻഡിപിപി സഖ്യത്തിന്റെ നെയിഫു റിയോയാണു മുഖ്യമന്ത്രി.