Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഡിയു പാലം വലിച്ചു; നാഗാലാൻഡിൽ ബിജെപിക്കു ഭരണം

nephiu-rio നെഫ്യു റിയോ

കൊഹിമ∙ ത്രിശങ്കു സഭ ആയതോടെ ഒരുമിച്ചു സർക്കാർ രൂപീകരിക്കാമെന്ന പഴയ സഖ്യകക്ഷിയുടെ ക്ഷണം നിരസിച്ച ബിജെപി പുതിയ സഖ്യകക്ഷിയുടെ പങ്കാളിത്തത്തോടെ നാഗാലാൻഡിൽ സർക്കാർ രൂപീകരിക്കും. നരേന്ദ്ര മോദി സർക്കാർ വന്നശേഷം ഏതു നിയമസഭാ തിരഞ്ഞെടുപ്പിലും ത്രിശങ്കു സഭകൾ വരുന്നിടത്തൊക്കെ ബിജെപി അധികാരം പങ്കിടുകയെന്ന തന്ത്രം ഫലപ്രദമായി നാഗാലാൻഡിലും നടപ്പാവുകയാണ്. നിലവിലുള്ള മന്ത്രിസഭയ്ക്കു നേതൃത്വം നൽകുന്ന നാഗാ പീപ്പിൾസ് ഫ്രണ്ടിനൊപ്പം (എൻപിഎഫ്) ചേർന്നു സുരക്ഷിത ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാമെന്ന സാധ്യത തള്ളിയാണു ബിജെപി, പുതുതായി രൂപീകരിച്ചു തങ്ങൾക്കൊപ്പം സഖ്യമായി മൽസരിച്ച നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിക്ക് (എൻഡിപിപി) ഒപ്പം ചേർന്ന് പുതിയ തുടക്കമിടുന്നത്. 

ബിജെപിയുമായി ഭരണം പങ്കിട്ടിരുന്ന എൻപിഎഫുമായുള്ള തർക്കത്തെ തുടർന്നാണു പാർട്ടി മുൻ മുഖ്യമന്ത്രി നെഫ്യു റിയോ രൂപീകരിച്ച എൻഡിപിപിയുമൊത്തു തിരഞ്ഞെടുപ്പു നേരിട്ടത്. മൂന്നു തവണ മുഖ്യമന്ത്രി ആയിരുന്ന നെഫ്യു റിയോ തന്നെ മുഖ്യമന്ത്രിയാവും. 60 അംഗ സഭയിൽ ബിജെപിക്ക് 12, എൻഡിപിപിക്ക് 17 എന്നിവ ഉൾപ്പെടെ 29 എംഎൽഎമാരാണ് സഖ്യത്തിന് ലഭിച്ചത്. എൻപിഎഫിന് ഒറ്റയ്ക്ക് 27 എംഎൽഎമാരും. 

ഫലം വന്നുകൊണ്ടിരിക്കെത്തന്നെ ബിജെപിയുമായി സഖ്യസർക്കാരിനു സമ്മതമാണെന്ന് എൻപിഎഫ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചെറുകക്ഷികളുടെ പിന്തുണയോടെ ഭരണം പിടിച്ച് എൻപിഎഫിനെ ഞെട്ടിക്കുകയാണു ബിജെപി. നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി)യുടെ രണ്ട് എംഎൽഎമാരും ജെഡിയുവിന്റെ ഒരു എംഎൽഎയും എൻപിഎഫിനു പിന്തുണ നൽകുമെന്നാണു തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാക്കിയിരുന്ന ധാരണ. 

ഇവരിൽ ജെഡിയു എംഎൽഎ കളംമാറി ബിജെപി സഖ്യത്തിലേക്കു ചേർന്നതോടെയാണു ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി അട്ടിമറി സൃഷ്ടിച്ചത്. ഇതിനൊപ്പം ഒരു സ്വതന്ത്രനും സഖ്യത്തിനു പിന്തുണ നൽകി. എന്നാൽ ആകെ 32 പേരുടെ പിന്തുണയുണ്ടെന്നാണു ബിജെപി സഖ്യം അവകാശപ്പെടുന്നത്. 

നാഗാലാൻഡിലെ ഏക ലോക്സഭാ എംപിയും മുൻ മുഖ്യമന്ത്രിയുമായ നെഫ്യു റിയോ നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണു തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ എംപി സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു. എൻപിഎഫ് സ്ഥാനാർഥിയായാണു റിയോ 2014ൽ ലോക്സഭയിലേക്ക് ജയിച്ചിരുന്നത്. പുതുതായി രൂപീകരിച്ച എൻഡിപിപിക്ക് ഈ തിരഞ്ഞെടുപ്പിൽ 17 സീറ്റ് അദ്ദേഹം നേടിക്കൊടുത്തു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നിലവിലുള്ള മുഖ്യമന്ത്രി ടി.ആർ.സെലിയാങ്ങിന്റെ എൻപിഎഫ് 27 സീറ്റ് നേടി. 

രണ്ട് എംഎൽഎമാരുള്ള നാഷനൽ പീപ്പിൾസ് പാർട്ടിയും ഒരു എംഎൽഎയുള്ള ജെഡിയുവും എൻപിഎഫിനു പിന്തുണ നൽകുമെന്നായിരുന്നു ധാരണ. പക്ഷേ ജെഡിയുവിന്റെ ഒരേയൊരു എംഎൽഎ പാലംവലിച്ചതോടെയാണു കളംമാറിയത്. നേരിയ ഭൂരിപക്ഷത്തിനാണ് പലയിടത്തും ജയം. നോക്‌ലാക് മണ്ഡലത്തിൽ ബിജെപിയുടെ എച്ച്. ഹെയിങ് അ‍ഞ്ച് വോട്ടിനാണു ജയിച്ചത്. 

related stories