വിദേശ അഭിഭാഷകർ ഇവിടെ വേണ്ട: സുപ്രീം കോടതി

ന്യൂഡൽഹി∙ വിദേശ നിയമ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വിദേശ അഭിഭാഷകർക്കും ഇന്ത്യയിൽ നിയമമേഖലയിൽ പ്രാക്ടീസ് ചെയ്യാനാവില്ലെന്നു വ്യക്തമാക്കി സുപ്രീം കോടതിയുടെ വിധി. ‘പ്രാക്ടീസ്’ എന്നതിൽ കോടതി വ്യവഹാരങ്ങൾ മാത്രമല്ല, നിയമമേഖലയിലെ മറ്റു സേവനങ്ങളും ഉൾപ്പെടുമെന്നു ജഡ്ജിമാരായ ആദർശ് കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ബാർ കൗൺസിലിൽ എൻ‍റോൾ ചെയ്തിട്ടുള്ളവർക്കു മാത്രമേ ഇന്ത്യയിൽ നിയമ പ്രാക്ടീസ് അനുവദിച്ചിട്ടുള്ളൂവെന്ന് അഭിഭാഷക നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്തവർക്കു കോടതിയുടെ അനുമതി വേണം. ഇന്ത്യക്കാർക്കു ബാധകമാകുന്ന വ്യവസ്ഥ വിദേശികൾക്കും ബാധകമാണ്. വിദേശികൾക്കു സ്ഥിരമായല്ലാതെ നൽകുന്ന നിയമസേവനം അനുവദനീയമാണെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ, നിയമോപദേശം നൽകാൻ മാത്രമായുള്ള താൽക്കാലിക സന്ദർശനം പ്രാക്ടീസ് എന്നതിന്റെ പരിധിയിൽ വന്നേക്കില്ലെന്നു സുപ്രീം കോടതി പറഞ്ഞു. ഇത് ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനോ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കോ ഉചിതമായ ചട്ടമുണ്ടാക്കാം.

ഇന്ത്യൻ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമസേവനം നൽകുന്നവർക്കു മാത്രമേ അഭിഭാഷക നിയമം ബാധകമാകൂ എന്ന വാദം അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ഇന്ത്യയിലെ നിയമം വിദേശത്തെ നിയമപ്രകാരം ഇന്ത്യയിൽ നൽകുന്ന സേവനങ്ങൾക്കും ബാധകമാണ്. ആർബിട്രേഷൻ കേസുകളുടെ നടത്തിപ്പിലും ഇന്ത്യയിലെ പെരുമാറ്റച്ചട്ടങ്ങൾ ബാധകമാണ്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയും വിവിധ വിദേശരാജ്യങ്ങളിൽ നിന്നായി മുപ്പതിലേറെ നിയമസേവന സ്ഥാപനങ്ങളും നൽകിയ ഹർജികളിലാണു സുപ്രീം കോടതിയുടെ വിധി.