ഉത്തരാഖണ്ഡിൽ ബസ് കൊക്കയിൽ വീണ് 13 മരണം

ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ ബസ് കൊക്കയിലേക്കു മറിഞ്ഞു 13 പേർ മരിച്ചു. 14 പേർക്കു പരുക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ദേഘട്ടിൽനിന്നു രാംനഗറിലേക്കു പോകുകയായിരുന്ന ബസിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 27 പേരാണുണ്ടായിരുന്നത്. മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ബസ് 350 അടിയോളം താഴ്ചയിലേക്കു പതിച്ചതിനാൽ‌ രക്ഷാപ്രവർത്തനം ദുഷ്കരമായി. 12 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയും മരിച്ചു.