പോക്സോ കേസ് എത്രയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതു സംബന്ധിച്ചു പോക്സോ നിയമപ്രകാരം ഓരോ ജില്ലയിലും നിലവിൽ എത്ര കേസുണ്ടെന്നു വ്യക്തമാക്കാൻ സുപ്രീം കോടതി, ഹൈക്കോടതികളിലെ റജിസ്ട്രാർ ജനറൽമാരോടു നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി.

ബന്ധുവിന്റെ പീഡനത്തിനിരയായ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കൾക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇടക്കാല നിർദേശം. കേസ് ഏപ്രിൽ 20നു വീണ്ടും പരിഗണിക്കും. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ചു 2016ൽ പോക്സോ കേസുകളിൽ 11% മാത്രമാണു തീർപ്പാക്കിയതെന്നു ഹർജിയിൽ പറഞ്ഞിരുന്നു.