‘ത്രിപുരച്ചിരി’ മായും മുൻപേ ‘യുപിപ്രഹരം’:യുപിയിലെ തോൽവി ബിജെപിയുടെ ഉറക്കം കെടുത്തും

ന്യൂഡൽഹി∙ കേന്ദ്രത്തിൽ ഭരണത്തുടർച്ചയെന്ന ബിജെപിയുടെ സ്വപ്നത്തിനു ഭീഷണി ഉയർത്തുന്നതാണു ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുർ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം. ത്രിപുരയിലെ ചരിത്ര വിജയത്തിന്റെ ആഘോഷമടങ്ങുന്നതിനു മുൻപു യുപിയിലെ തോൽവി കനത്ത പ്രഹരമേൽപ്പിച്ചു. ഒപ്പം, ബിഹാറിൽ ബിജെപി–ജെ‍ഡിയു സഖ്യത്തിനുണ്ടായ തിരിച്ചടിയും ക്ഷീണമായി.

യുപിയിലെ ത്രികോണ മൽസരങ്ങളിൽ എസ്പിയെയും ബിഎസ്പിയെയും കടത്തി വെട്ടാൻ ശേഷിയാർജിച്ചെങ്കിലും നേരിട്ടുള്ള മൽസരത്തിൽ എസ്പി–ബിഎസ്പി സഖ്യത്തെ തോൽപിക്കാൻ ബിജെപിക്കു കഴിയില്ലെന്നു വ്യക്തമാക്കുന്നതാണു ജനവിധി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു തനിച്ചു കേവലഭൂരിപക്ഷം നേടാനായതു യുപിയിലെ ചരിത്ര നേട്ടത്തിന്റെ ബലത്തിലാണ്. യുപിയിൽ അടിപതറിയാൽ ബിജെപിയുടെ നില പരുങ്ങലിലാകുമെന്നതിൽ തർക്കമില്ല. ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന വിജയം ആവർത്തിക്കാൻ കഴിയില്ലെന്നു പാർട്ടി നേതൃത്വത്തിനറിയാം. ശക്തികേന്ദ്രങ്ങളിലുണ്ടാകാൻ സാധ്യതയുള്ള നഷ്ടം മുൻകൂട്ടി കണ്ടാണു ബിജെപി അധ്യക്ഷൻ അമിത് ഷാ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാൾ, ഒഡീഷ, തെലങ്കാന, കേരളം തുടങ്ങിയവിടങ്ങളിലും ശ്രദ്ധ ചെലുത്തുന്നത്.

അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണ അനുകൂല തരംഗമുണ്ടാക്കുക നരേന്ദ്ര മോദി സർക്കാരിന് എളുപ്പമാകില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിർണായകമായ ‘മോദി തരംഗം’ ആവർത്തിക്കാൻ മാത്രം ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടാനുമില്ല.

∙ മോദിയോ യോഗിയോ?

ഭാവി പ്രധാനമന്ത്രി സ്ഥാനാർഥിയാകാനായി സംഘപരിവാർ പിന്തുണയാർജിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്ന ശ്രമങ്ങളെ ബിജെപി കേന്ദ്ര നേതൃത്വം ആശങ്കയോടെയാണു കാണുന്നത്. ബിജെപിയിൽ രൂപമെടുത്തിട്ടുള്ള മോദി–യോഗി ശീതസമരം ഗോരഖ്പുർ ജനവിധിയിലും പ്രകടമായെന്നാണു പാർട്ടിക്കുള്ളിലെ വിശകലനം. അഞ്ചു തവണ തുടർച്ചയായി ലോക്സഭയിലേക്കു തന്നെ തിരഞ്ഞെടുത്ത മണ്ഡലത്തിലേക്കു യോഗി ആദിത്യനാഥ് നിർദേശിച്ച രണ്ടു സ്ഥാനാർഥികളെ ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല. കേന്ദ്ര നേതൃത്വം നിയോഗിച്ച സ്ഥാനാർഥിയെ വിജയിപ്പിക്കാൻ യോഗി ആദിത്യനാഥ് ആത്മാർഥത കാട്ടിയില്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്.

∙ സിബിഐ രംഗത്തിറങ്ങുമോ?

ബിജെപിക്കു കടുത്ത വെല്ലുവിളി ഉയർത്തുന്ന എസ്പി– ബിഎസ്പി സഖ്യം നീണ്ടു നിൽക്കാതിരിക്കാൻ കേന്ദ്ര സർക്കാർ സിബിഐയെ കളത്തിലിറക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ബിഎസ്പി നേതാവ് മായാവതിക്കും സഹോദരനുമെതിരെ കേസുകൾ ഗുരുതരവുമാണ്. സിബിഐ അന്വേഷണം നേരിടുന്ന എസ്പി നേതാക്കളെ കരുവാക്കിയുള്ള നീക്കങ്ങളും തള്ളിക്കളയാനാകില്ല. ബിഎസ്പിയെ സഖ്യത്തിനു നിർബന്ധിതമാക്കണമെന്ന വാദവും ബിജെപിയിൽ ഉയരുന്നുണ്ട്.

∙ 2004 പാഠം

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു പാഠമാകേണ്ടത് 2004 ൽ എ.ബി.വാജ്പേയിയുടെ നേതൃത്വത്തിൽ പാർട്ടിക്കുണ്ടായ പരാജയമാണെന്ന ചിന്താഗതിയും ഉടലെടുക്കുന്നുണ്ട്. പാർട്ടി അണികൾക്കുണ്ടായ അസന്തുഷ്ടിയും സഖ്യകക്ഷികളുടെ അതൃപ്തിയുമാണു വാജ്പേയിക്കു 2004 ൽ തുടർഭരണം നഷ്ടമാക്കിയത്.