ത്രിപുരയിൽ ബിജെപിയുടെ സാമർഥ്യം അംഗീകരിച്ച് സിപിഎം; സംഘടനാ റിപ്പോർട്ടിന്റെ കരടിന് പിബി അംഗീകാരം

ന്യൂഡൽഹി∙ ത്രിപുരയിലെ വിജയത്തിൽ ബിജെപിയുടെ സാമർഥ്യം അംഗീകരിച്ച് സിപിഎം. ഇടതുവിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാനും നേരത്തേ കോൺഗ്രസിനു ലഭിച്ചിരുന്ന വോട്ടുകൾ നേടിയെടുക്കാനും ബിജെപിക്കു സാധിച്ചതാണ് ഇടതുമുന്നണിയുടെ പരാജയത്തിനു കാരണമെന്നു പൊളിറ്റ് ബ്യൂറോ വിലയിരുത്തി. ഇന്നലെ സമാപിച്ച പിബി, പാർട്ടി കോൺഗ്രസിൽ പരിഗണിക്കാനുള്ള രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ കരടിന് അംഗീകാരം നൽകി. ഇത് 28 മുതൽ 30 വരെ നടക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിനു നൽകും.

കോൺഗ്രസുമായി തിരഞ്ഞെടുപ്പിൽ‍ സഖ്യമോ ധാരണയോ പാടില്ലെന്ന കരടു രാഷ്ട്രീയ പ്രമേയ നിലപാടു പാർ‍ട്ടി കോൺഗ്രസ് അതേപടി അംഗീകരിച്ചേക്കില്ലെന്ന സൂചനയാണു പിബിക്കു ശേഷം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നൽകിയത്. അടുത്ത മാസത്തെ പാർട്ടി കോൺഗ്രസാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തിരഞ്ഞെടുപ്പു തന്ത്രം രൂപീകരിക്കുമെന്നും യച്ചൂരി പറഞ്ഞു.

ജനാഭിമുഖ്യമുള്ള പരിപാടികൾ നടപ്പാക്കാനും സമാധാനാന്തരീക്ഷം ശക്തിപ്പെടുത്താനുമാണു ത്രിപുരയിലെ ഇടതു സർക്കാർ പരമാവധി ശ്രമിച്ചത് എന്നതിനാൽ തിരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമായിരുന്നു. വിഭവങ്ങൾ പരിമിതമായിരുന്നതിനാൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു കാര്യങ്ങൾ ചെയ്യാൻ സർക്കാരിനു സാധിച്ചില്ല. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ പ്രത്യേക ആദിവാസി സംസ്ഥാനം രൂപീകരിക്കുമെന്ന് ഐഎഫ്പിടി പ്രചാരണം നടത്തി. ബിജെപി – ഐഎഫ്പിടി സഖ്യം ഇതു തന്ത്രപൂർവം ഉപയോഗിച്ചു, ബിജെപി വലിയ തോതിൽ പണവും വിഭവങ്ങളുമുപയോഗിച്ചു തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു – ത്രിപുരയിൽ നിന്നുള്ള ആദ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിബിയുടെ വിലയിരുത്തലിതാണ്.