അജ്മേർ ഉറൂസ്: ആശംസയുമായി പ്രധാനമന്ത്രി

അജ്മേർ ദർഗയിലേക്കുള്ള ഛദർ മുഖ്താർ അബ്ബാസ് നഖ്‌വിക്കു കൈമാറുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. നഖ്‌വി കഴിഞ്ഞദിവസം ട്വിറ്ററിൽ പങ്കുവച്ച ചിത്രം

ജയ്പുർ ∙ ഉറൂസിനോടനുബന്ധിച്ച് (ആണ്ടുനേർച്ച) കീഴ്‌വഴക്കപ്രകാരം അജ്മേർ ദർഗയിലേക്കുള്ള പ്രധാനമന്ത്രിയുടെ ഛദർ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി കൈമാറി. സമാധാനവും ഐക്യവും സൗഹാർദവും പകരുന്ന ദർശനങ്ങളുടെ ഭാഗമാണു സൂഫിസവുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശത്തിൽ വ്യക്തമാക്കി. വിശ്വാസികൾക്ക് അദ്ദേഹം ആശംസയറിയിച്ചു.

അജ്‌മേറിൽ ഖാജാ മുഈനുദ്ദീൻ ചിസ്‌തിയുടെ ദർഗയിൽ മൂടുന്നതിനായി നേർച്ചയായി നൽകുന്നതാണു ഛദർ. ആറു ദിവസത്തെ ഉറൂസിൽ രാത്രി മുഴുവൻ നീളുന്ന ഖവാലി സദസ്സുകൾ ഉൾപ്പെടെ വൈവിധ്യമുള്ള പരിപാടികൾ അരങ്ങേറും. ദർഗയ്ക്കു സമീപം പണിത 100 ശുചിമുറികളടങ്ങുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.