നിതീഷ് കുമാറിന് എതിരായ ഹർജി തള്ളി

ന്യൂഡൽഹി∙ കൊലക്കേസ് നിലവിലുണ്ടെന്നതു തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ വെളിപ്പെടുത്താത്തതിനു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലജിസ്ലേറ്റിവ് കൗൺസിൽ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകൻ എം.എൽ. ശർമയുടെ ഹർജി കഴമ്പില്ലാത്തതാണെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.

കോൺഗ്രസിന്റെ പ്രാദേശിക നേതാവ് സീതാറാം സിങ്ങിനെ 1991ൽ കൊലപ്പെടുത്തിയതു സംബന്ധിച്ചാണു കേസ്. കോടതി നടപടികളിലേക്കു കടന്നതു 2009ൽ ആണെന്നും 2012ൽ ഇക്കാര്യം തിരഞ്ഞെടുപ്പു കമ്മിഷനോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു നിതീഷിന്റെ നിലപാട്. കോടതി നടപടികൾ ദുരുപയോഗിക്കാനുള്ള ശ്രമമാണെന്നു വിലയിരുത്തി, തിരഞ്ഞെടുപ്പു കമ്മിഷനും ഹർജിയെ എതിർത്തു.