Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമത ‘ഡൽഹി ദൗത്യം’ തുടരുന്നു; ബിജെപി വിമതരെയും സോണിയയെയും കണ്ടു

Mamata Banerjee, Sonia Gandhi

ന്യൂഡൽഹി ∙ ബിജെപിക്കെതിരെ ഫെഡറൽ കൂട്ടായ്മ ലക്ഷ്യമിടുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബി‌ജെപി വിമത നേതാക്കളായ യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ, അരുൺ ഷൂറി ‌എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും മമത സന്ദർശിച്ചു.

വാജ്പേയി മന്ത്രിസഭയിൽ സഹപ്രവർത്തകയായിരുന്ന മമതയ്ക്ക് ഷൂ‌റിയുടെയും യശ്വന്ത് സിൻഹയുടെയും വാക്കുകൾ ‌പ്രോത്സാഹനമായി. സംസ്ഥാനങ്ങളിൽ ബി‌ജെപിയെ ഒറ്റയ്ക്കൊറ്റയ്ക്കു നേരിടുകയെന്ന മമതയുടെ ആശയമാണ് നരേന്ദ്ര മോദിയെ തോൽപിക്കാനുള്ള മാർഗമെന്നായിരുന്നു ഷൂറിയുടെ നിരീക്ഷണം. അതു നടപ്പായാൽ പ്രതിപക്ഷത്തിന് 69% വോട്ടുകൾ ‌ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ രക്ഷിക്കാൻ മമത ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിനു പൂർണപി‌ന്തുണ വാഗ്ദാനം ചെയ്ത ‌യശ്വന്ത് സിൻഹ ഒരു പടികൂടി മുന്നോട്ടു പോയി. മമതയ്ക്കൊപ്പം രംഗത്തിറങ്ങുമോയെന്നു സിൻഹമാരും ഷൂറിയും വ്യ‌ക്തമാക്കിയിട്ടില്ല.

സോണിയ ഗാന്ധിയുമായി മമതയുടെ കൂടിക്കാഴ്ച സൗഹാർദപരമായിരുന്നെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസിതര ഫെഡറൽ മുന്നണിയെന്ന മമത‌യുടെ ആശയത്തെ കോൺ‌ഗ്രസ് ഗൗരവമായെടുക്കുന്നില്ല. ‘ലോക്സഭാ തിരഞ്ഞെടുപ്പിനു മു‌ൻപ് ആശയങ്ങൾ രൂപപ്പെടുന്ന സമയമാണിത്; സഖ്യങ്ങൾ രൂപപ്പെടാൻ സമയമെടുക്കു’മെന്നായിരുന്നു ഒരു മുതിർന്ന നേതാവിന്റെ ‌പ്രതികരണം. ഫെഡറൽ കൂട്ടായ്മയുടെ അപ്രായോഗികതയിലേക്കും ചില നേ‌താക്കൾ വിരൽചൂണ്ടുന്നു.

ആരാണ് നേതാവെന്ന പ്രധാന ചോദ്യത്തിൽ കൂട്ടായ്മ തകരും, ബംഗാളിലെ സീറ്റ് വിഭജനത്തെക്കുറിച്ചു ചോദ്യ‌‌മുയരുമ്പോൾ മമത പിൻവാങ്ങും– അവർ കരുതുന്നു. യുപിയിലെ എസ്പി– ബിഎസ്പി മാതൃക മറ്റു സം‌സ്ഥാനങ്ങളിലും പി‌ന്തുടരാനാണു മമതയുടെ ആഹ്വാനം. അതനുസരിച്ചു ബംഗാളിൽ മമത സി‌പിഎമ്മുമായി സഹകരിക്കേണ്ടി വരും. എങ്കിലും തൃണമൂൽ കോൺഗ്രസിലെ മമതയുടെ വലംകൈ നേതാവ് പറയും പോലെ, സ്ഥിരോത്സാഹിയായ മമത ബാനർജി അസാധ്യതകൾക്കിടയിൽ ഒരുകൈ നോക്കുകയാണ്!

related stories