2654 കോടിയുടെ വായ്പ തട്ടിപ്പ്; വഡോദര കമ്പനിക്കെതിരെ കേസ്

എസ്.എൻ. ഭട്നാഗർ, അമിത് ഭട്നാഗർ, സുമിത് ഭട്നാഗർ

ന്യൂഡൽഹി ∙ വ്യാജരേഖകൾ നൽകി 11 ബാങ്കുകളിൽനിന്നു 2654 കോടിരൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാത്ത വഡോദര ആസ്ഥാനമായ ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ഡിപിഐഎൽ) കമ്പനിക്കെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തു. കമ്പനിയുടെ ആസ്ഥാനത്തും ഡയറക്ടർമാരുടെ വസതികളിലും റെയ്ഡ് നടത്തി. എസ്.എൻ ഭട്നാഗർ, മക്കളായ അമിത് ഭട്നാഗർ, സുമിത് ഭട്നാഗർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഡിപിഐഎൽ ഇലക്ട്രിക് കേബിളും ഉപകരണങ്ങളും നിർമിക്കുന്ന കമ്പനിയാണ്.

റിസർവ് ബാങ്ക് 2008ൽ കുടിശികക്കാരെന്നു പ്രഖ്യാപിച്ചിരുന്ന കമ്പനിക്കു 11 പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കൂട്ടായ്മ വീണ്ടും വൻതുക വായ്പ നൽകിയതിൽ വൻ ക്രമക്കേടു നടന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷന്റെ ജാഗ്രതാ പട്ടികയിലുണ്ടായിരുന്ന കമ്പനിക്കു വൻതുക വായ്പ അനുവദിക്കാൻ ബാങ്കുകൾക്ക് ആശങ്കയുണ്ടായില്ല.

2016 ജൂൺ 29നു കിട്ടാക്കടമായി പ്രഖ്യാപിച്ച ഈ വായ്പകളെല്ലാം കൂടി 2654.40 കോടി രൂപയുടേതാണ്. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്കാണു കൂടുതൽ തുക നഷ്ടമായിട്ടുള്ളത്. വ്യാജരേഖകൾ നൽകി ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശത്തോടെ വായ്പസൗകര്യം വർധിപ്പിച്ചു പലതവണയായി പണം തട്ടുകയായിരുന്നു.