വിദ്യാർഥികളില്ല; 200 എൻജിനീയറിങ് കോളജുകൾ പൂട്ടും

ന്യൂഡൽഹി ∙ രാജ്യത്തെ നിലവാരം കുറഞ്ഞ 200 എൻജിനീയറിങ് കോളജുകളിൽ പുതിയ ബാച്ചുകളില്ല; ഇതുവഴി ഇല്ലാതാകുന്നത് 80,000 എൻജിനീയറിങ് സീറ്റുകൾ. അടുത്ത നാലു വർഷം കൊണ്ട് 3.10 ലക്ഷം സീറ്റുകൾ കുറയുമെന്ന് എഐസിടിഇ വിലയിരുത്തുന്നു. എന്നാൽ ഐഐടികളിലും എൻഐടികളിലും സീറ്റുകളുടെ എണ്ണം കൂടിയിട്ടുണ്ട്.

മുൻ വർഷങ്ങളിൽ അനുവദിക്കപ്പെട്ട മുഴുവൻ സീറ്റുകളിലും പ്രവേശനം നടത്താൻ കഴിയാതിരുന്ന നിലവാരം കുറഞ്ഞ കോളജുകളാണു പുതിയ ബാച്ചുകൾ തുടങ്ങുന്നില്ലെന്ന് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കുന്നതോടെ അവ പൂട്ടും. 

എൻജിനീയറിങ് സീറ്റുകളുടെ എണ്ണം ഏതാനും വർഷങ്ങളായി കുറഞ്ഞുവരികയാണ്– പ്രതിവർഷം ശരാശരി 75,000 സീറ്റുകൾ. 2016-17 ൽ 15.71 ലക്ഷം സീറ്റുകളിൽ 7.81 ലക്ഷം പേർ മാത്രമാണു പ്രവേശനം നേടിയത്. 2015-16 ൽ 16.47 ലക്ഷം സീറ്റുകളുണ്ടായിരുന്നു. പ്രവേശനം നേടിയത് 8.60 ലക്ഷം പേർ.