വിമാനത്തിൽ കൊതുക്: പരാതിപ്പെട്ട യാത്രക്കാരനെ ഇറക്കിവിട്ടത് അന്വേഷിക്കും

ന്യൂഡൽഹി ∙ കൊതുകുശല്യത്തെക്കുറിച്ചു പരാതി പറഞ്ഞ യാത്രക്കാരനെ ഇൻഡിഗോ വിമാനത്തിൽനിന്നു ബലമായി പുറത്താക്കിയ സംഭവം അന്വേഷിക്കാൻ വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. ലക്നൗ–ബെംഗളൂരു വിമാനത്തിൽനിന്നു ഹൃദ്രോഗ വിദഗ്ധൻ ഡോ.സൗരഭ് റായിയെ കഴിഞ്ഞയാഴ്ച പുറത്താക്കിയ സംഭവം വിവാദമായതിനു പിന്നാലെയാണു മന്ത്രിയുടെ ഇടപെടൽ.

വിമാനം നിറയെ കൊതുകാണെന്നു പരാതി പറഞ്ഞ തന്നെ വിമാനജീവനക്കാർ ബലമായി പുറത്താക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നും ഡോ.സൗരഭ് പറഞ്ഞു. റൺവേയിൽ ഇറക്കിവിട്ട സൗരഭ് നടന്നാണു വിമാനത്താവള ടെർമിനലിലേക്കു പോയതെന്നു സഹയാത്രികർ വെളിപ്പെടുത്തി. എന്നാൽ, പ്രകോപിതനാവുകയും മോശമായി പെരുമാറുകയും ചെയ്ത സൗരഭിനെ മറ്റു യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു പുറത്താക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നുവെന്ന് ഇൻഡിഗോ പ്രതികരിച്ചു.

യാത്രക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇൻഡിഗോ വിവാദത്തിലാകുന്നത് ആദ്യമല്ല. കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ ജീവനക്കാർ യാത്രക്കാരനെ കയ്യേറ്റം ചെയ്യുന്ന വിഡിയോ വൻ കോളിളക്കം സൃഷ്ടിച്ചു. യാത്രക്കാരോടു കൂടുതൽ സൗഹൃദ മനോഭാവത്തോടെ പെരുമാറാൻ ഇൻഡിഗോയെ ഉപദേശിച്ച് പാർലമെന്ററി സമിതി ഈ വർഷമാദ്യം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.