കോടതി മാറ്റം: എല്ലാവരുടെയും സൗകര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ ക്രിമിനൽ കേസുകളുടെ വിചാരണ ഒരു കോടതിയിൽനിന്നു മറ്റൊന്നിലേക്കു മാറ്റുമ്പോൾ ബന്ധപ്പെട്ട എല്ലാവരുടെയും സൗകര്യങ്ങളും സമൂഹത്തിന്റെ വിശാലതാൽപര്യങ്ങളും കണക്കിലെടുക്കണമെന്നു സുപ്രീം കോടതി. ‘കക്ഷികളുടെ സൗകര്യം’ എന്നതിന്റെ അർഥം പരാതിക്കാരന്റെ മാത്രം സൗകര്യമെന്നല്ല.

പ്രോസിക്യൂഷൻ, സാക്ഷികൾ, പ്രതികൾ തുടങ്ങിയവരുടെ സൗകര്യവും കണക്കിലെടുക്കണമെന്നു ജസ്റ്റിസ് എ.കെ. ഗോയൽ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷക ഡൽഹിയിലെയും യുപിയിലെയും പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത ചില കേസുകൾ ഡൽഹി കോടതിയിൽനിന്നു ബോംബെ ഹൈക്കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഡൽഹിയിൽ പ്രതികളിൽ നിന്നു തനിക്കു ഭീഷണിയുണ്ടെന്നും ഒപ്പം തനിക്കു സൗകര്യവും മുംബൈയാണെന്നും അവർ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഭീഷണിയുടെ കാര്യത്തിൽ നിയമപരമായ സംരക്ഷണം ആവശ്യപ്പെടാമെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ബെഞ്ച്, ഹർജി തള്ളിയാണു ‘കക്ഷികളുടെ സൗകര്യം’ സംബന്ധിച്ച നിരീക്ഷണങ്ങൾ നടത്തിയത്.