മക്ക മസ്ജിദ് വിധി: എൻഐഎയ്ക്ക് പ്രതിപക്ഷ വിമർശനം

ന്യൂഡൽഹി ∙ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ പ്രതികളെ വിട്ടയച്ച പ്രത്യേക കോടതിയുടെ ഉത്തരവു പഠിച്ചശേഷം ഭാവിനടപടികൾ തീരുമാനിക്കുമെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ വക്താവ് പറഞ്ഞു. അതേസമയം കേസിൽ ഉദാസീനത കാട്ടിയെന്നാരോപിച്ചു പ്രതിപക്ഷ കക്ഷികൾ എൻഐഎയ്ക്കെതിരെ രംഗത്തെത്തി.

‘ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒന്നിനു പുറകെ ഒന്നായി പ്രോസിക്യൂഷൻ കേസുകളിൽ തോറ്റുകൊടുക്കുകയാണ്. ജനങ്ങൾക്കു ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്’ – മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എന്നാൽ, കോൺഗ്രസിന്റെ തരം താണ രാഷ്ട്രീയക്കളി വെളിച്ചത്തു വന്നിരിക്കുകയാണെന്നു ബിജെപി വക്താവ് സംബിത് പത്ര പ്രതികരിച്ചു.

‘കാവി ഭീകരത’ തുടങ്ങിയ പദങ്ങൾ നേരത്തേ ഉപയോഗിച്ചതിനു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ അധ്യക്ഷ സോണിയാഗാന്ധിയും മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻഐഎ കേസ് വേണ്ടതുപോലെ മുന്നോട്ടുകൊണ്ടുപോയില്ല അല്ലെങ്കിൽ അവരുടെ രാഷ്ട്രീയ യജമാനന്മാർ അവരെ അതിനനുവദിച്ചില്ല എന്നതാണു വിധിയിൽനിന്നു വ്യക്തമാകുന്നതെന്ന് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ആരോപിച്ചു. 2014 ജൂണിനുശേഷം കേസിലെ മിക്ക സാക്ഷികളും മൊഴിമാറ്റി. വിധി പ്രാഖ്യാപിച്ച ഉടൻ ജഡ്ജിയുടെ രാജി ദുർഗ്രഹമാണെന്നും ഒവൈസി പറഞ്ഞു.