Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈദരാബാദ് ഇരട്ടസ്ഫോടനം: രണ്ടു ഭീകരർക്കു വധശിക്ഷ; ഒരാൾക്കു ജീവപര്യന്തം

Hyderabad Twin Blasts

ഹൈദരാബാദ് ∙ രാജ്യത്തെ നടുക്കിയ 2007ലെ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിൽ രണ്ടു പ്രതികൾക്കു വധശിക്ഷ. ഒരാൾക്കു ജീവപര്യന്തം. രണ്ടുപേരെ വിട്ടയച്ചു. സ്ഫോടനങ്ങൾക്ക് ഉത്തരവാദികളായ ഇന്ത്യൻ മുജാഹിദീൻ ഭീകരരായ അനീഖ് ഷഫീഖ് സയീദ് (36), മുഹമ്മദ് അക്ബർ ഇസ്മായിൽ ചൗധരി (35) എന്നിവർക്കാണു വധശിക്ഷ. 

ബോംബ് സ്ഫോടനങ്ങളിൽ 44 പേരാണു കൊല്ലപ്പെട്ടത്. 68 പേർക്കു പരുക്കേറ്റു. ഭീകരർക്കു ഡൽഹിയിലും മറ്റും താവളം ഒരുക്കിയതിനാണ് അഞ്ചാം പ്രതി തരീഖ് അൻജുമിനെ അഡീഷനൽ മെട്രോപ്പൊലിറ്റൻ സെഷൻസ് ജഡ്ജി ടി.ശ്രീനിവാസ് റാവു ജീവപര്യന്തം തടവിനു വിധിച്ചത്. തെളിവുകളുടെ അഭാവത്തിലാണു ഫറൂഖ് ഷറഫുദീൻ തർക്കാഷ്, മുഹമ്മദ് സാദിഖ് ഇസ്‌റാർ അഹ്മദ് ഷെയ്ഖ് എന്നിവരെ കോടതി വിട്ടയച്ചത്. മറ്റു മൂന്നു പ്രതികളായ ഇന്ത്യൻ മുജാഹിദിൻ സ്ഥാപകൻ റിയാസ് ഭട്കൽ, സഹോദരൻ ഇക്ബാൽ, അമീർ റെസ ഖാൻ എന്നിവർ ഒളിവിലാണ്. കർണാടകയിൽ നിന്നുള്ള ഭട്കൽ സഹോദരന്മാർ പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്നുവെന്നാണു പൊലീസ് നിഗമനം.

പുണെയിൽ കംപ്യൂട്ടർ കട നടത്തിയിരുന്ന അനീഖ് ഷഫീഖ് സയീദ്, പുണെയിൽ മൊബൈൽ ഫോൺ റിപ്പയർ കട നടത്തിയിരുന്ന മുഹമ്മദ് അക്ബർ ഇസ്മായിൽ ചൗധരി (35) എന്നിവർ കുറ്റക്കാരാണെന്നു ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പ്രത്യേക കോടതി കഴിഞ്ഞ നാലിനു കണ്ടെത്തിയിരുന്നു. പ്രതികളെ പാർപ്പിച്ചിട്ടുള്ള ഹൈദരാബാദ് ചെർലാപ്പള്ളി സെൻട്രൽ ജയിലിലാണു പ്രത്യേക കോടതി പ്രവർത്തിച്ചത്.

11 വർഷം മുൻപ് ഓഗസ്റ്റ് 25ന് ആണ് ഇരട്ടസ്ഫോടനം നടന്നത്. നഗരത്തിലെ ഗോകുൽചാറ്റ് ഭക്ഷണശാലയിലെ ആദ്യ സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു; 47 പേർക്കു പരുക്കേറ്റു. തുടർന്നു ലുംബിനി പാർക്കിനു സമീപം ഓപ്പൺ എയർ തിയറ്ററിൽ നടന്ന സ്ഫോടനത്തിൽ 12 പേർ മരിച്ചു; 21 പേർക്കു പരുക്കേറ്റു. വധശിക്ഷയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രതികളുടെ അഭിഭാഷകർ പറഞ്ഞു.