Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസ്; രണ്ടു പേർക്ക് വധശിക്ഷ, ഒരാൾക്ക് ജീവപര്യന്തം

Hyderabad Twin Blasts ലുംബിനി പാർക്ക് ഓപ്പൺ തിയറ്ററിലുണ്ടായ സ്ഫോടനം (ഫയൽ ചിത്രം)

ഹൈദരാബാദ്∙ 44 പേരുടെ മരണത്തിനിടയാക്കിയ 2007ലെ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിൽ പ്രതികളായ രണ്ട് പേർക്ക് വധശിക്ഷ. ഒരാൾക്ക് ജീവപര്യന്തം ലഭിച്ചു. ഇന്ത്യൻ മുഹാജിദ്ദീൻ ഭീകരരായ അനീഖ് ഷഫീഖ് സയീദ്, മുഹമ്മദ് അക്ബർ ഇസ്മയിൽ ചൗധരി എന്നിവർക്കാണ് വധശിക്ഷ. കേസിലെ അഞ്ചാം പ്രതി താരിഖ് അൻജിനാണ് ജീവപര്യന്തം. ഹൈദരാബാദിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

കേസിൽ ഫാറുഖ് ഷറഫുദ്ദീൻ തർകഷ്, മുഹമ്മദ് സാദിഖ് ഇസ്രാർ അഹമ്മദ് ഷെയ്ഖ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു. മറ്റു പ്രതികളായ ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകൻ റിയാസ് ഭട്കൽ, സഹോദരൻ ഇക്ബാൽ, ആമിർ റെസ ഖാൻ എന്നിവർ ഒളിവിലാണ്. ഭട്കൽ സഹോദരങ്ങൾ പാക്കിസ്ഥാനിലാണെന്നാണു വിവരം.

2007 ഓഗസ്‌റ്റ് 25ന് ആണു ഹൈദരാബാദിനെ നടുക്കിയ രണ്ടു വൻ സ്‌ഫോടനങ്ങളുണ്ടായത്. സംസ്‌ഥാന സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള ലുംബിനി അമ്യൂസ്‌മെന്റ് പാർക്കിലെ ഓപ്പൺ എയർ തിയറ്ററിൽ വൈകിട്ട് 7.50ന് ആയിരുന്നു ആദ്യ സ്‌ഫോടനം. അഞ്ചു മിനിറ്റിനുശേഷം, ആറു കിലോമീറ്റർ അകലെ കോത്തിയിലെ ഗോകുൽ ചാറ്റ് ഷോപ് എന്ന റസ്‌റ്ററന്റിൽ ണ്ടാം സ്‌ഫോടനവും നടന്നു. 68 പേർക്കു പരുക്കേൽക്കുകയും ചെയ്തു.

പൊലീസ് നടത്തിയ പരിശോധനയിൽ 16 സ്‌ഥലത്തു നിന്നുകൂടി സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തി. ഇന്ത്യൻ മുജാഹിദ്ദീൻ, ബംഗ്ലദേശിലെ ഭീകര സംഘടനയായ ഹർക്കത്തുൽ ജിഹാദി ഇസ്‌ലാമി, പാക്ക് ഭീകര സംഘടനകൾ എന്നിവയ്ക്കു സ്ഫോടനവുമായി ബന്ധമുണ്ടെന്നാണു കണ്ടെത്തൽ. തെലങ്കാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണു കേസ് അന്വേഷിച്ചത്.