കുറ്റവിചാരണ നീക്കം: പ്രസ്താവനകൾ അതിരു കടന്നെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാനുള്ള നീക്കം തുടങ്ങിയ എംപിമാർ, അതിരുകടന്നു പൊതുപ്രസ്താവനകൾ നടത്തുന്നതു നിർഭാഗ്യകരമെന്നു സുപ്രീം കോടതി. പാർലമെന്റിൽ പ്രമേയം വരുന്നതിനു മുൻപുതന്നെ രാഷ്ട്രീയക്കാർ ഇക്കാര്യത്തിൽ‍ പൊതുപ്രസ്താവന നടത്തുന്നതിനെതിരെ ഇൻ പേഴ്സ്യൂട്ട് ഓഫ് ജസ്റ്റിസ് സംഘടന നൽകിയ ഹർജി പരിഗണിക്കുമ്പോഴാണു ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. സുപ്രീം കോടതിയിലെയോ ഹൈക്കോടതികളിലെയോ ജഡ്ജിമാരെ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങളിൽ എംപിമാർക്കു മാർഗരേഖയുണ്ടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസിനെ നീക്കുന്നതുമായി ബന്ധപ്പെട്ടു പൊതുപ്രസ്താവനകൾ ഒരു പരിധിക്കപ്പുറം പാടില്ലെന്ന നിയമം അറിയാവുന്ന എംപിമാർ അതു ലംഘിക്കുന്നത് അസ്വസ്ഥതയുളവാക്കുന്നതാണെന്നു ബെഞ്ച് പറഞ്ഞു. വാർത്ത പ്രസിദ്ധീകരിക്കുന്നതിൽ മാധ്യമങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തണമെന്നു ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ ആവശ്യപ്പെട്ടപ്പോൾ, അറ്റോർണി ജനറലിന്റെ വാദം കേൾക്കും മുൻപു നടപടിയെടുക്കാനാകില്ലെന്നു ബെഞ്ച് വ്യക്തമാക്കി. കേസ് മേയ് ഏഴിനു മാറ്റി.