ദാവൂദിന്റെ കെട്ടിടങ്ങൾ കണ്ടുകെട്ടിയത് ശരിവച്ച് സുപ്രീം കോടതി

ദാവൂദ് ഇബ്രാഹിം

മുംബൈ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വസ്തുവകകൾ സർക്കാർ കണ്ടുകെട്ടിയതിനെതിരെ മാതാവ് ആമിന ബി.കസ്‌കർ, ദാവൂദിന്റെ സഹോദരി ഹസീന പാർക്കർ എന്നിവർ നൽകിയിരുന്ന ഹർജി സുപ്രീം കോടതി തള്ളി. കണ്ടുകെട്ടിയ സ്വത്തുക്കൾ ദാവൂദിന്റെ ഉടമസ്ഥതയിലുള്ളതാണെന്നു നിരീക്ഷിച്ചാണു നടപടി. കേസ് നടപടികൾ തുടരുന്നതിനിടെ ആമിനയും ഹസീനയും മരിച്ചു.

കള്ളക്കടത്തുകാരുടെയും വിദേശനാണയ തട്ടിപ്പുകാരുടെയും അവരുടെ ബന്ധുക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നിയമപ്രകാരം മുംബൈ നാഗ്പാഡയിലുള്ള ഏഴു പാർപ്പിടങ്ങളാണു സർക്കാർ ഏറ്റെടുത്തത്. 257 പേരുടെ മരണത്തിന് ഇടയാക്കിയ 1993ലെ മുംബൈ സ്‌ഫോടന പരമ്പരയിൽ ദാവൂദിന്റെ പങ്കു വ്യക്തമായതിനു ശേഷമായിരുന്നു നടപടികൾ. ഇതിനെതിരെ ആമിനയും ഹസീനയും നൽകിയ ഹർജി 1998 ജൂലൈയിൽ ഡൽഹി ഹൈക്കോടതി തള്ളി. തുടർന്നാണു സുപ്രീം കോടതിയെ സമീപിച്ചത്. സ്വത്തുക്കൾ തങ്ങളുടേതാണെന്നു തെളിയിക്കാൻ ആമിനയ്ക്കും ഹസീനയ്ക്കും പല അവസരങ്ങളും നൽകിയിരുന്നുവെന്നും സാധുതയുള്ള രേഖകളൊന്നും അവർ ഹാജരാക്കിയില്ലെന്നും സർക്കാർ അറിയിച്ചു.